ഇൻഡോർ സ്റ്റേഡിയത്തിന് കൗൺസിൽ അനുമതിയില്ല, ഒന്നര ഏക്കർ ഭൂമിയിൽ തിരക്കിട്ട് സ്റ്റേഡിയം നിർമ്മാണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നമായ ഓപ്പൺ സ്റ്റേഡിയ നിർമ്മാണം വിഴുങ്ങി ധൃതഗതിയിൽ  ഇൻഡോർ സ്റ്റേഡിയം പൂർത്തിയാക്കാനുള്ള  കുത്സിത നീക്കം കായിക പ്രേമികളിലും സിപിഎം പ്രവർത്തകരിലുമടക്കം പ്രതിഷേധമുയർത്തിയിരിക്കെ   ഇൻഡോർ സ്റ്റേഡിയം  നിർമ്മിക്കുന്നത്. നഗരസഭാ കൗൺസിലിന്റെ അനുമതി ഇല്ലാതെ. നഗരസഭയിൽ വി.വി. രമേശൻ ചെയർമാനായ കഴിഞ്ഞ എൽഡിഎഫ്് ഭരണത്തിൽ  അവസാനം നടന്ന കൗൺസിൽ യോഗത്തിൽ സ്റ്റേഡിയം സംബന്ധിച്ച് അജണ്ട വന്നിരുന്നു. ഓപ്പൺ സ്റ്റേഡിയമെന്ന കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിഞ്ഞുകൊണ്ട് മിനിസ്റ്റേഡിയം നിർമ്മിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗത്തിൽ അജണ്ട വന്നത്.

കാഞ്ഞങ്ങാട്ട് മിനിസ്റ്റേഡിയം നിർമ്മിക്കാൻ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും, ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നുമായിരുന്നു അജണ്ട. ഓപ്പൺ സ്റ്റേഡിയം ഒഴിവാക്കി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനുള്ള നീക്കം കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായി എതിർത്തതിനെ തുടർന്ന് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനുള്ള അനുമതി  കൗൺസിൽ യോഗത്തിൽ അംഗീകരിപ്പിച്ചെടുക്കാൻ  സിപിഎം നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തിന് സാധിച്ചില്ല. അലാമിപ്പള്ളിയിൽ സ്റ്റേഡിയം നിർമ്മാണത്തിനായി  നഗരസഭ ഏറ്റെടുത്ത വസ്തുവിൽ  ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്ന സ്ഥലം, നിർമ്മാണത്തിന്റെ മേൽനോട്ട ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് പ്രവൃത്തിക്കായി  കൈമാറുന്നതിനുള്ള അനുമതിക്കായാണ് വിഷയം 2020 ജനുവരി 31-ന് കൗൺസിൽ യോഗത്തിൽ ഭരണപക്ഷം സമർപ്പിച്ചത്.

31-ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഇൻഡോർ സ്റ്റേഡിയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സിക്രട്ടറിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം 2020 ജനുവരി 31-ന് ആവശ്യപ്പെട്ട റിപ്പോർട്ട് ഒന്നര വർഷത്തിന് ശേഷം 2021 ജൂൺ 21-ന് ഓൺലൈനിൽ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ  സിക്രട്ടറി സമർപ്പിക്കുകയായിരുന്നു. കൗൺസിൽ അംഗീകാരമില്ലാതെ പൊതുമരാമത്തിന് ഒന്നര ഏക്കർ സ്ഥലം അനൗദ്യോഗികമായി രേഖാപരമല്ലാതെ വിട്ടുകൊടുത്ത് വെട്ടിലായിരിക്കുന്ന ഭരണപക്ഷം, കൗൺസിൽ യോഗത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് അംഗീകാരം നേടിയെടുക്കാനുള്ള നീക്കത്തിലാണ്. സ്റ്റേഡിയം  സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ, കൗൺസിൽ അംഗീകാരം  സ്റ്റേഡിയത്തിന് അനിവാര്യമാണ്. ജൂൺ 21-ന്   ഓൺലൈനിൽ ചേർന്ന കൗൺസിൽ യോഗത്തിലും പ്രതിപക്ഷം ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് അംഗീകാരം നൽകിയില്ല.

പ്രതിപക്ഷം 2020 ജനുവരി 31-ലെ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ട റിപ്പോർട്ട് സിക്രട്ടറി ഒരു വർഷത്തിന് ശേഷം സമർപ്പിച്ചതിനെതുടർന്ന് ഈ റിപ്പോർട്ട് അംഗീകരിക്കുക മാത്രമാണ് ഓൺലൈനിൽ 21-ന് നടന്ന കൗൺസിൽ യോഗ തീരുമാനം. നഗരസഭ രേഖാപരമായി വിട്ടുനൽകാത്ത ഒന്നര ഏക്കർ ഭൂമിയിൽ  പൊതുമരാമത്തിന്റെ   ഇൻഡോർ  സ്റ്റേഡിയ നിർമ്മാണം പാതിവഴിയിലെത്തിയിട്ടുണ്ട്.  ശേഷിച്ച നിർമ്മാണ പ്രവൃത്തികൾ ഇപ്പോൾ പുരോഗമിക്കുന്നു.

നഗരസഭ നേരിട്ട് ഓപ്പൺ സ്റ്റേഡിയ നിർമ്മാണത്തിന് പൊന്നും വിലയ്ക്കെടുത്ത   സ്ഥലം സൗജന്യമായി പിഡബ്ല്യുഡിക്ക് വിട്ടു നൽകണം. ഭാവിയിൽ ഇൻഡോർ  സ്റ്റേഡിയത്തിൽ നിന്നും ലഭിക്കുന്ന വരുമാനം പൊതുമരാമത്തിലേക്ക് പോകുമ്പോൾ,  വരുമാനത്തിൽ നിന്നും ചില്ലിക്കാശ് പോലും നഗരസഭയ്ക്ക് കിട്ടില്ല. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലുൾപ്പെടുന്ന അഞ്ചര ഏക്കർ സ്ഥലമുൾപ്പെടെ 10 ഏക്കറോളം സ്ഥലമാണ് നഗരസഭയുടെ കൈവശമുള്ളത്. കൈവശമുള്ള  10 ഏക്കർ സ്ഥലമുൾപ്പെടെ 23 ഏക്കർ സ്ഥലം കണ്ടെത്തി ഓപ്പൺ സ്റ്റേഡിയം നിർമ്മിക്കാനുള്ള കാഞ്ഞങ്ങാടിന്റെ സ്വപ്നത്തിന്റെ ചിറക് കരിച്ചുകളഞ്ഞതിന് പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. കൈയ്യെത്തും ദൂരത്തുനിന്നും ഓപ്പൺ സ്റ്റേഡിയം തട്ടിമാറ്റിയതിന് കാഞ്ഞങ്ങാട്ടെ സിപിഎം ഏരിയാ നേതൃത്വം ജനങ്ങളോട് മറുപടി പറയേണ്ടി വരും.

LatestDaily

Read Previous

വീടുവിട്ട ഭർതൃമതി മഞ്ചേരിയിൽ

Read Next

ലോക് ഡൗൺ അശാസ് ത്രീയത, ചിലർ തടിച്ചുകൊഴുത്തു ചിലർ പൊളിഞ്ഞു പാളീസായി