ഡാറ്റാ ബാങ്കിൽ നിന്നും പുറത്തായവർ ത്രിശങ്കുവിൽ; സ്വാധീനമുള്ളവർ കാര്യം നേടി

കാഞ്ഞങ്ങാട്:  ഡാറ്റ ബാങ്ക് വിഷയത്തിൽ ഡാറ്റ ബാങ്കിൽ നിന്നും പുറത്തായ ഭൂവുടമകൾ സബ് കലക്ടറുടെ ഉത്തരവ് കൈപ്പറ്റിയെങ്കിലും, പ്രസ്തുത ഭൂമി കര ഭൂമിയായി മാറ്റി കിട്ടാൻ കടമ്പകളേറെ. ഭൂമിയുടമകൾക്ക് കര ഭൂമിയായി മാറ്റി കിട്ടാൻ ഒട്ടേറെ വാതിലുകൾ ഇനിയും മുട്ടേണ്ടി വരും. സബ് കലക്ടറുടെ ഉത്തരവ് കൈപ്പറ്റിയ വ്യക്തികൾ സ്ഥലം കര ഭൂമിയായി മാറ്റി കിട്ടണമെങ്കിൽ വീണ്ടും പുതുതായി അപേക്ഷ നൽകണം. അപേക്ഷ  വില്ലേജ് ഓഫീസർ പരിശോധിച്ച് ആർഡിഒ ഓഫീസിലെത്തിയാൽ നിശ്ചിത തുക അടച്ചാൽ മാത്രമെ കരഭൂമിയായി കിട്ടുകയുള്ളുവെന്നാണ് പറയുന്നത്. പ്രസ്തുത സ്ഥലത്ത് വീട് വെക്കാൻ ബാങ്കിൽ നിന്നും ലോൺ ലഭിക്കാൻ തടസ്സമുണ്ടെന്നാണ് ഭൂവുടമകളുടെ പരാതി. വീട് വെക്കാൻ സ്ഥലം കരഭൂമിയാക്കിയവർക്ക് ബാങ്ക് ലോൺ ലഭിക്കാത്തത് തിരിച്ചടിയായി.

മുൻനഗരസഭാ ചെയർമാൻ വി.വി. രമേശന്റെ മകൾ ഡോ. ആര്യയുടെ മാസങ്ങൾക്ക് മുമ്പ് വാങ്ങിയ സ്ഥലത്തിന്റെ തരംതിരിവും,  ഡാറ്റാ ബാങ്ക് പീഡിത മുന്നണി സമരനേതാവും എൽജെപി നേതാവുമായ കുഞ്ഞമ്പാടിയുടെ മകൾക്ക് ഭാഗപത്ര പ്രകാരം വീട് കെട്ടാനുള്ള മുൻസിപ്പാലിറ്റിയുടെ തടസ്സങ്ങൾ നീക്കിക്കിട്ടിയതും,  കല്ലംഞ്ചിറയിലെ റിട്ട. പിഡബ്ല്യൂഡി ഓവർസിയർക്ക് ചതുപ്പ് നിലം കരഭൂമിയായി മാറ്റിക്കിട്ടിയതും ഡാറ്റാബാങ്ക് പ്രശ്നത്തിൽ കുടുങ്ങിയവർ  ചൂണ്ടിക്കാട്ടി. സ്വാധീനമുള്ളവർ ഡാറ്റാബാങ്കിൽ നിന്നും പുറത്ത് കടന്ന് കാര്യം സാധിച്ചപ്പോൾ സാധാരണക്കാരായ ഭൂവുടമകളിൽ പകുതിയോളം പേർ ഡാറ്റാ ബാങ്കിൽ നിന്നും പുറത്ത് കടന്നെങ്കിലും, ഇതിന്റെ ഫലമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

LatestDaily

Read Previous

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് മദ്യ വിൽപ്പന വ്യാപകം

Read Next

പെയിന്റിംഗ് തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത