ഹൊസ്ദുർഗ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയിൽ ബിജെപി പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം

95 ശതമാനം സീറ്റുകളിലും കോൺഗ്രസ്സിന് വിജയം ∙ മൂന്ന് സീറ്റുകളിലും സിപിഎം തോറ്റു
 
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സിപിഎം സഹായത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: എൻ. രാജ്മോഹനന് അട്ടിമറി വിജയം.  കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയും സിപിഎമ്മിന്റെ സിക്രട്ടറി സ്ഥാനാർത്ഥിയും ദയനീയമായി തോറ്റപ്പോൾ, മറ്റ് ഭാരവാഹിത്വത്തിലേക്ക് മത്സരിച്ച ലോയേഴ്സ് കോൺഗ്രസ്സിന്റെ ഭൂരിഭാഗം സ്ഥാനാർത്ഥികളും വിജയിച്ചു.

സിപിഎം ലോയേഴ്സ് യൂണിയന്റെയും ബിജെപിയുടെ അഭിഭാഷക പരിഷത്തിന്റയും പിന്തുണയുള്ള എൻ. രാജ് മോഹനെ ആകെ പോൾ ചെയ്ത 201 വോട്ടിൽ 101 വോട്ട് നേടിയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ലോയേഴ്സ് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ അഡ്വ: ജോസ് സെബാസ്റ്റ്യന് 94 വോട്ട് മാത്രമം ലഭിച്ചു. ലോയേഴ്സ് കോൺഗ്രസ്സിന്റെ പാനലിൽ മത്സരിച്ച ജോസ് സെബാസ്റ്റ്യൻ ഒഴികെയുള്ള സ്ഥാനാർത്ഥികൾക്ക് 65 പാനൽ വോട്ടുകൾ ലഭിച്ച സ്ഥാനത്ത് ജോസ് സെബാസ്റ്റ്യന് 40 പാനൽ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ്സിന്റെ 15 പാനൽ വോട്ടുകൾ ലഭിക്കാത്തതാണ് ജോസ് സെബാസ്റ്റ്യന്റെ പരാജയത്തിൽ കലാശിച്ചത്.

അഭിഭാഷക പരിഷത്ത് അംഗങ്ങളായ അഭിഭാഷകർ, ബിജെപി അനുഭാവിയായ പ്രസിഡന്റ് സ്ഥാനാർത്ഥി എൻ. രാജ്മോഹന് വോട്ട് ചെയ്തെങ്കിലും സിപിഎം ലോയേഴ്സ് യൂണിയനിൽ നിന്നും മത്സരിച്ച ഭൂരിഭാഗം സ്ഥാനാർത്ഥികളും വോട്ട് ചെയ്യാൻ തയ്യാറായില്ലെന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ലോയേഴ്സ് കോൺഗ്രസ്സിന്റെയും മുസ്്ലീം ലീഗിന്റെ ലോയേഴ്സ് ഫോറം അംഗങ്ങളുടെയും 15 വോട്ടുകളെങ്കിലും ലോയേഴ്സ് യൂണിയനും അഭിഭാഷക പരിഷത്തും ചേർന്ന് രാജ് മോഹനന് അനുകൂലമായി മറിച്ചിട്ടുണ്ടെന്നാണ് ലോയേഴ്സ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ.

ലോയേഴ്സ് കോൺഗ്രസ്സിൽ നിന്നും മത്സരിച്ച അഡ്വ: പി. കെ. സതീശൻ 124 വോട്ട് നേടി സിക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു കയറി. ലോയേഴ്സ് യൂണിയനിൽ നിന്നും സിക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന അഡ്വ: ടി. വി. രാജേന്ദ്രനെയാണ് സതീശൻ പരാജയപ്പെടുത്തിയത്. ലോയേഴ്സ് കോൺഗ്രസ്സിൽ നിന്നും വൈസ് പ്രസിഡന്റായിരുന്ന അഡ്വ: എം. പുരുഷോത്തമൻ വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറ്റാരിക്കാൽ ഡിവിഷനിലെ ഡിഡിഎഫ് സാഥാനാർത്ഥിയായിരുന്ന അഡ്വ: പി. വേണുഗോപാലായിരുന്നു ലോയേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. ജോ. സിക്രട്ടറിയായി ലോയേഴ്സ് കോൺഗ്രസ്സിലെ അഡ്വ: ഇ. കെ. നസീമയെ തെരഞ്ഞടുത്തു. ലോയേഴ്സ് കോൺഗ്രസ്സിലെ ബെന്നി സെബാസ്റ്റ്യനാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്.

രണ്ടംഗ എക്സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരിച്ച ലോയേഴ്സ് യൂണിയനിൽപ്പെട്ട അഡ്വ: ജയചന്ദ്രനും പരാജയപ്പെട്ടു. ലോയേഴ്സ് കോൺഗ്രസ്സ് അംഗങ്ങളായ അഡ്വ: കെ. എൻ. ശ്രീധരനും, അഡ്വ: ബി. നാരായണനുമാണ് എക്സിക്യൂട്ടീവ് അംഗങ്ങളായി വിജയിച്ചത്. 30 വർഷത്തിന് മേൽ സർവ്വീസുള്ള സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തിൽ മുൻ ബാർ അസോസിയേഷൻ പ്രസിഡന്റായ ലോയേഴ്സ് കോൺഗ്രസ്സിലെ അംഗങ്ങളായ അഡ്വ: കെ. സി. ശശിധരൻ, കെ. എൻ. ശ്രീധരൻ, വി. നാരായണൻ എന്നിവർ വിജയിച്ചു.

10 വർഷത്തിനും 30 വർഷത്തിനുമിടയിൽ സർവ്വീസുള്ള ജൂനിയർ എ്്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ്സ് അംഗങ്ങളായ അഡ്വ: ബിജു കൃഷ്ണനെയും, അഡ്വ: വിപിൻ ടി. ജോസിനെയും ലോയേഴ്സ് യൂണിയൻ അംഗങ്ങളായ അമിത്ത്, അഡ്വ: പി. വൈ. അജയകുമാറിനെയും തെരഞ്ഞെടുത്തു. 10 വർഷം വരെ സർവ്വീസുള്ളവരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ലോയേഴ്സ് കോൺഗ്രസ്സിൽ നിന്നും സിദ്ധാർത്ഥ് നമ്പ്യാരെ തെരഞ്ഞെടുത്തു.  വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങളായി ലോയേഴ്സ് കോൺഗ്രസ്സിലെ ശ്രീജ അത്തായി, ലോയേഴ്സ് യൂണിയനിലെ എൻ. പി. സീമയും വിജയിച്ചു.

ലോയേഴ്സ് കോൺഗ്രസ്സിനൊപ്പം ചേർന്ന് മത്സരിച്ച മുസ്്ലീം ലീഗിന്റെ ലോയേഴ്സ് ഫോറം അംഗമായ എം. ടി. പി. കരീം ജൂനിയർ എക്സിക്യൂട്ടിവംഗത്വത്തിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടു. 95 മെമ്പർമാരുള്ള ലോയേഴ്സ് കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ഒഴികെ മിക്ക സ്ഥാനാർത്ഥികൾക്കും നൂറിന് മുകളിൽ വോട്ട് ലഭിച്ചപ്പോൾ, 65 മെമ്പർമാരുള്ള ലോയേഴ്സ് യൂണിയനിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് 70 നും 80 നുമിടയിലാണ് വോട്ട് ലഭിച്ചത് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് 101 വോട്ട് ലഭിക്കുകയും ചെയ്തു. ജോ. സിക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ലോയേഴ്സ് യൂണിയൻ കമ്മിറ്റി പ്രസിഡന്റായ അഡ്വ: പി. സതീശൻ പരാജയപ്പെട്ടു. മത്സരരംഗത്തുണ്ടായവരിൽ ഉയർന്ന സംഖ്യയിൽ വോട്ട് ലഭിച്ചത് അഡ്വ: കെ. സി. ശശീന്ദ്രനാണ് 133.

LatestDaily

Read Previous

അനിതയുടെ മരണം: പോലീസ് ഫോൺ പരിശോധിക്കും

Read Next

കല്ല്യാണത്തിന് പ്രായമായില്ല; പ്ലസ്ടു വിദ്യാർത്ഥിനിയിൽ നിന്നും പോലീസ് മൊഴിയെടുത്തു