കാഞ്ഞങ്ങാട്ട് ഹണിട്രാപ്പ് എറണാകുളം വ്യവസായിയെ കുടുക്കി ട്രാപ്പ്സുന്ദരി സാജിദ മുങ്ങി

കാഞ്ഞങ്ങാട്: എറണാകുളം വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്ന് സ്ത്രീകളടക്കം നാല് പേരെ പോലീസ് വീട് റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ഹണി ട്രാപ്പ് സുന്ദരി കാസർകോട് ചൗക്കി സ്വദേശിനി സാജിദയടക്കം 30, നാല് പേരെ കണ്ടെത്തുന്നതിന് പോലീസ് തിരച്ചിലാരംഭിച്ചു.

സബ്ഇൻസ്പെക്ടർ, കെ. പി. സതീശന്റെ നേതൃത്വത്തിൽ ഇന്ന്  രാവിലെ 6 മണിക്ക് കൊവ്വൽപ്പള്ളി കല്ലംചിറ റോഡിലുള്ള വീട് റെയ്ഡ് ചെയ്താണ് കളനാട് സ്വദേശി ഉമ്മറിനെയും  60, മൂന്ന് യുവതികളെയും കസ്റ്റഡിയിലെടുത്തത്. ഹണി ട്രാപ്പ് സംഘത്തിൽപ്പെട്ട ബഷീർ, ഉസ്മാൻ, യൂസഫ്,  സാജിദ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ന് രാവിലെ വിവിധ ഭാഗങ്ങളിൽ പോലീസ് തിരച്ചിൽ നടത്തി. എറണാകുളം കടവന്ത്ര സ്വദേശിയായ വ്യവസായി പി. ഏ. സത്താറിനെ 58, സംഘം ഹണി ട്രാപ്പിൽ കുടുക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. കൊവ്വൽപ്പള്ളിയിലെ ഡോക്ടർ കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള ഒറ്റനില കോൺക്രീറ്റ് വീട് മൂന്ന് മാസം മുമ്പ് വാടകക്കെടുത്താണ് വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കിയത്.

കടവന്ത്രയിൽ ഭാര്യയും മക്കളുമുള്ള വ്യവസായി കാഞ്ഞങ്ങാട്ട്  രഹസ്യമായി മറ്റൊരു വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇടനിലക്കാരനുമായി ബന്ധപ്പെട്ട വ്യവസായിയെ സംഘം ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു. ഡോക്ടർ കുടുംബത്തിന്റെ വാടക വീട്ടിൽ താമസമാരംഭിച്ച ഉമ്മറും ഭാര്യയും,  സാജിദ ഉമ്മറിന്റെ ഏക മകളാണെന്ന് വ്യവസായിയെ തെറ്റിദ്ധരിപ്പിച്ചു. മറ്റ് പ്രതികളുടെ സഹായത്തോടെ വ്യവസായിയുമായുള്ള സാജിദയുടെ രഹസ്യ വിവാഹം നടത്തിക്കൊടുത്തു. ഇതിനു ശേഷം സംഘം വ്യവസായിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യവസായിയും സാജിദയും തമ്മിലുള്ള വിവാഹ ദൃശ്യങ്ങളും മറ്റ് നഗ്നരംഗങ്ങളും രഹസ്യമായി ചിത്രീകരിച്ച ഹണി ട്രാപ്പ് സംഘം ദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷത്തിൽ കൂടുതൽ രൂപ ഇദ്ദേഹത്തിൽ നിന്ന്  കൈക്കലാക്കി.

ദൃശ്യം ഭാര്യയ്ക്കും മക്കൾക്കുമടക്കം കൈമാറുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെ എറണാകുളം വ്യവസായി ഹൊസ്ദുർഗ് പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഇന്നലെ രാത്രി എഫ്ഐആർ റജിസ്റ്റർ ചെയ്ത പോലീസ് ഇന്ന് രാവിലെ വീട് റെയ്ഡ് ചെയ്താണ് പ്രതികളെ കുടുക്കിയത്. പോലീസെത്തുമ്പോൾ വീട്ടിൽ ഉമ്മറും മൂന്ന് സ്ത്രീകളും മാത്രമായിരുന്നു. വീടിന്റെ കാർപോർച്ചിൽ ഒരു സ്ക്കൂട്ടർ നിർത്തിയിട്ടിട്ടുണ്ട്. റോഡിനോട് ചേർന്നുള്ള വീട്ടിലേക്കുള്ള കാഴ്ച മറക്കുന്നതിനായി ഇരുമ്പ് ഗേറ്റിൽ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചിരുന്നു. രാത്രി വീട്ടിൽ  ബഹളം പതിവായിരുന്നുവെന്ന് സമീപവാസികൾ ലേറ്റസ്റ്റിനോട്  പറഞ്ഞു. രാത്രിയിലും പകലും ഒട്ടേറെ വാഹനങ്ങൾ വീട്ടിലേക്ക് വന്നുപോയിരുന്നു. വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു  വരികയാണ് പോലീസ്.

LatestDaily

Read Previous

നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് അറുതിയില്ല

Read Next

ഉണ്ണിത്താന്റെ കേസ്സുകൾ റെയിൽവെ പോലീസ് ഒന്നിച്ചന്വേഷിക്കും