ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എറണാകുളം വ്യവസായിയെ പെൺ കെണിയിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസ്സിൽ ഹണിട്രാപ്പ് സുന്ദരി സാജിദ 35, അറസ്റ്റിൽ. ഹൊസ്ദുർഗ് ഐപി, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ ഇന്നലെ പകൽ മുഴുവൻ നടത്തിയ തിരച്ചിലിൽ വൈകുന്നേരം കാസർകോട് ചെർക്കള ടൗണിലാണ് സാജിദ കുടുങ്ങിയത്.
കാസർകോട് നായന്മാർമൂലയിലെ വാടക വീട്ടിലാണ് സാജിദ താമസം. സാജിദയ്ക്ക് പുറമെ ഹണി ട്രാപ്പ് സംഘത്തിൽപ്പെട്ട പയ്യന്നൂർ സ്വദേശി ഇഖ്ബാൽ 45, കാസർകോട് സ്വദേശികളായ ഉമ്മർ 55, ഭാര്യ ബീഫാത്തിമയും 45 അറസ്റ്റിലായി. കേസ്സിലെ ഏതാനും പ്രതികൾ മുങ്ങി. കൊവ്വൽപ്പള്ളി കല്ലംചിറ റോഡിൽ ഒറ്റ നില കോൺക്രീറ്റ് വീട് വാടകയ്ക്കെടുത്ത് പ്രതികൾ എറണാകുളം കടവന്ത്ര സ്വദേശിയായ വ്യവസായിയെ പെൺ കെണിയിൽപ്പെടുത്തുകയായിരുന്നു.
പോലീസ് പിടിയിലായ ഉമ്മറിന്റെയും ബീഫാത്തിമയുടെയും മകളെന്ന വ്യാജേന സാജിദയെ കടവന്ത്ര വ്യവസായി പി. ഏ. സത്താറിന് 58, രഹസ്യമായി വിവാഹം ചെയ്ത് നൽകിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. മൂന്ന് മാസം മുമ്പ് കാഞ്ഞങ്ങാട്ടെത്തിയ സത്താർ, സാജിദക്കൊപ്പം കല്ലംചിറയിലെ വീട്ടിൽ ഒരു രാത്രി കഴിഞ്ഞ ശേഷം എറണാകുളത്തേക്ക് മടങ്ങി. വ്യവസായി സത്താർ താമസിച്ച ഒറ്റ രാത്രിയിൽ തന്നെ ഹണി ട്രാപ്പ് സംഘം മുൻകൂട്ടി തയ്യാറാക്കിയ കെണി പൂർത്തിയാക്കിയിരുന്നു. സാജിദക്കൊപ്പം രാത്രിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ട്രാപ്പ് സംഘം പിന്നീട് നഗ്ന ദൃശ്യങ്ങൾ കാണിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു.
ദൃശ്യം പുറത്തുവിടാതിരിക്കാൻ കൂടുതൽ തുക ആവശ്യപ്പെട്ട് പ്രതികൾ ഭീഷണി തുടർന്നതോടെ സത്താർ പരാതിയുമായി ഹൊസ്ദുർഗ് പോലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവുമായി വേർപെട്ട് കഴിയുന്ന സാജിദ ഹണി ട്രാപ്പ് സംഘത്തിലെ മുഖ്യ കണ്ണിയാണ്. പെൺ കെണിയിൽപ്പെട്ട് കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കേസ്സന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായ നാല് പ്രതികളെയും ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.