ചെറുതൊന്ന് ഒഴിക്കട്ടെ-!

സമയം ഇന്നലെ രാത്രി 8 മണി .

9 മണിക്ക് കാഞ്ഞങ്ങാട് അതിഥി മന്ദിരത്തിലെത്തുമെന്ന് നേരത്തെ വിളിച്ചറിയിച്ച സംസ്ഥാന ബാലാവകാശകമ്മീഷണർ ഒരു മണിക്കൂർ നേരത്ത  സർക്കാർ കൊടിയും ചുവന്ന ബോർഡും വെച്ച ഔദ്യോഗിക വാഹനത്തിൽ കാഞ്ഞങ്ങാട് അതിഥി മന്ദിരത്തിലെത്തുമ്പോൾ, അതിഥികൾ ഇരുന്ന് ഭക്ഷണം കഴിക്കുന്ന തീൻ മേശയ്ക്ക് ചുറ്റുമിരുന്ന് ഗ്ലാസിൽ ചെറുതായെന്ന് ഒഴിക്കുകയായിരുന്ന മൂന്നുപേർ ബോംബ് പൊട്ടിയ ഒച്ച കേട്ടതുപോലെ ഭക്ഷണവും “ചുവന്ന വെള്ളവും” മേശപ്പുറത്തിട്ട്  ചടപടാ എന്ന് ബഹളമുണ്ടാക്കി മറ്റൊരു വഴിയിലൂടെ തടി തപ്പി.

ബാലാവകാശ കമ്മീഷണർ അതിഥി മന്ദിരത്തിലെ പ്രധാനിയെ അന്വേഷിച്ചപ്പോൾ ആരുമില്ല. 

സെൽഫോണിൽ വിളിച്ചപ്പോൾ പാന്റ്സും അരക്കൈ ഷർട്ടും ധരിച്ച യുവാവ് ഒന്നുമറിയാത്തതുപോലെ ഇരുളിൽ നിന്ന് നടന്നു വന്നു.

ആരാണ് സാർ–? എന്താണ് സാർ–? 

അതിഥി മന്ദിരത്തിൽ മദ്യപാനം പാടില്ലല്ലോ…? എന്ന് കമ്മീഷണർ മന്ദിരം കാവൽക്കാരനോട് ചോദിച്ചപ്പോൾ, മദ്യം കഴിച്ചില്ല ഭക്ഷണം മാത്രം കഴിച്ചതാണെന്ന് മന്ദിരം സൂക്ഷിപ്പുകാരൻ പറഞ്ഞു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ സർക്കാർ വാഹനം കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് കമ്മീഷണർ സൂക്ഷിപ്പുകാരനോട് ആരാഞ്ഞപ്പോൾ, സൂക്ഷിപ്പുകാരന് ഉത്തരം മുട്ടി. തടിതപ്പിയവർ ബാക്കിവെച്ച ഭക്ഷണ പദാർത്ഥങ്ങൾ കമ്മീഷണർ അതേപടി നോക്കിക്കണ്ടു.  കോഴിക്കാലും പൊറോട്ടയും ഇല്ല.

മദ്യപാനികളുടെ രഹസ്യകേന്ദ്രമായ സർക്കാർ അതിഥി മന്ദിരത്തിൽ താമസിക്കാൻ ധൈര്യം പോരാതിരുന്ന കമ്മീഷണറും ഡ്രൈവറും ഉടൻ സർക്കാർ വണ്ടിയിൽ സ്ഥലം വിട്ടു. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ  മുറിയെടുത്താണ് കമ്മീഷണർ ഇന്നലെ രാത്രി തങ്ങിയത്.  ഒടിപ്പോയവർ കെഎപി പോലീസുകാരനാണെന്ന് മന്ദിരം കാവൽക്കാരൻ പിന്നീട് സ്വയം വെളിപ്പെടുത്തി.

Read Previous

സിപിഎം-ബിജെപി ബന്ധത്തിനെതിരെ സിപിഐ

Read Next

മാധ്യമ പ്രവർത്തകർ നോക്ക് കുത്തി; ഇടനിലക്കാർ നേട്ടം കൊയ്യുന്നു