ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ മദ്യപശല്യം സുരക്ഷാ സംവിധാനങ്ങൾ അവതാളത്തിൽ

കാഞ്ഞങ്ങാട്: സന്ധ്യമയങ്ങിയാൽ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മദ്യപ ശല്യം ഏറിവരുന്നു. മിക്ക ദിവസങ്ങളിലും അപകടത്തിൽപ്പെട്ടവർക്കൊപ്പം അത്യാഹിത വിഭാഗത്തിലെത്തുന്നവരാണ് മദ്യപിച്ച് ബഹളം വെക്കുന്നത്. ഡ്യൂട്ടിയിലുണ്ടാവുന്ന ഡോക്ടർമാർക്കും സേവന വിഭാഗത്തിലുള്ള മറ്റ് ജീവനക്കാർക്കും മദ്യപ ശല്യം ഏറെ പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രി സൂപ്രണ്ട് ഇതു സംബന്ധിച്ച് പോലീസിൽ പരാതിപ്പെട്ടിരുന്നു. ആശുപത്രിയിലെ സുരക്ഷാ വിഭാഗവും, സിസിടിവി ക്യാമറകളും അവതാളത്തിലാണ്.

നേരത്തെ സെക്യൂരിറ്റി വിഭാഗത്തിൽ ഹോംഗാർഡുകളുൾപ്പെടെയുള്ളവരെയായിരുന്നു സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. എന്നാൽ ഇപ്പേൾ സെക്യൂരിറ്റി വിഭാഗത്തിലേക്ക് താൽക്കാലിക ജീവനക്കാരെ എടുക്കുന്ന രീതി മാറ്റി ഡ്രൈവർ-കം-സെക്യൂരിറ്റി എന്ന നിലയിലാണ് താൽകാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇവർക്കാകട്ടെ സെക്യൂരിറ്റിക്കൊപ്പം ഡ്രൈവർ ജോലിയും ചെയ്യണ്ടിവരുന്നതിനാൽ സെക്യൂരിറ്റി വിഭാഗത്തിൽ ഫലപ്രദമായി പ്രവർത്തിക്കാനാവുന്നില്ല. ആവശ്യമായ സുരക്ഷ സംവിധാനമില്ലാത്തതിനാൽ ഭയപ്പാടോടെയാണ് ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരും, മറ്റു ജീവനക്കാരും ജോലി ചെയ്യുന്നത്. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നാണ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആവശ്യം.

LatestDaily

Read Previous

വിനോദയാത്ര പോയപെൺകുട്ടി യാത്രാമദ്ധ്യേ മരണപ്പെട്ടു

Read Next

പിഎസ് സിയും രാഷ്ട്രീയവും