കാഞ്ഞങ്ങാട് ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കും

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ പ്രത്യേകിച്ച് കാഞ്ഞങ്ങാട് മേഖലകളിൽ സമ്പർക്ക രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാൻ ആലോചന.

കോവിഡ് രണ്ടാംഘട്ടത്തിൽ ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കേണ്ടി വരുമെന്ന് ഡിഎംഒ, ഏ.വി. രാംദാസ് ഇന്ന് ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ഡി. സജിത്ബാബുവിന് മുന്നിൽ ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിർദ്ദേശം അവതരിപ്പിച്ചിട്ടുണ്ട്.ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആതുരാലയത്തെ കോവിഡാശുപത്രിയാക്കി മാറ്റുമ്പോൾ അതിലെ ഗുണവും ദോഷവും ചർച്ച ചെയ്യപ്പെട്ടു.

കിടത്തി ചികിത്സിക്കേണ്ട മറ്റ് രോഗികളെയും പുതുതായെത്തുന്ന കോവിഡില്ലാത്ത രോഗികളെയും പ്രവേശിപ്പിക്കാൻ സംവിധാനമൊരുക്കേണ്ടിവരും. എന്നാൽ ജില്ലയിൽ കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് ആരോഗ്യ വിഭാഗത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഒരാഴ്ചക്കുള്ളിൽ  രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ഗൗരവകരമാണ്. പ്രതിരോധ പ്രവർത്തനങ്ങളിലെ ചെറിയ ജാഗ്രതക്കുറവ്പോലും ജില്ലയെ വലിയ അപകടത്തിലേക്ക് നയിച്ചേക്കുമെന്നാണ് ആശങ്ക. ആദ്യകാലത്തുണ്ടായ ജാഗ്രത കൈവിട്ടതാണ് രോഗം പടരാൻ കാരണമായത്. ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ നിസ്സാരവത്ക്കരിച്ച മേഖലകളിൽ രോഗവ്യാപനമുണ്ടായി.

രോഗമുള്ളവരെയും രോഗലക്ഷണമുള്ളവരെയും പാർപ്പിക്കുന്നതിന് തയ്യാറാക്കിയ താത്ക്കാലികാശുപത്രി സംവിധാനം അപര്യാപ്തമാവുകയെന്ന നില വരാൻ പോവുകയാണ്. കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയെന്നതിനാൽ കോവിഡ് രോഗികൾ വർദ്ധിക്കാൻ കാരണമായി. വരുംനാളുകളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നതിനാലാണ് ആരോഗ്യവകുപ്പ് ജില്ലയിൽ മുൻകരുതൽ നടപടി ശക്തമാക്കിയത്. നിലവിൽ ജില്ലാശുപത്രിയിലെ ഡോക്ടർമാരും, നഴ്സുമാരും മറ്റ് ജീവനക്കാരും  മൊത്തം വലിയ പ്രയാസമനുഭവിക്കുകയാണ്.

ജില്ലാശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതും, ഇവർക്കൊപ്പം മറ്റ് രോഗികൾക്കും ചികിത്സ നൽകേണ്ടതുമാവുമ്പോൾ ഡോക്ടർമാരും ജീവനക്കാരും ബുദ്ധിമുട്ടിലാകുന്നു.

ഇതോടൊപ്പം ജില്ലാശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും താത്ക്കാലിക കോവിഡ് ആശുപത്രികളിലേക്കും ചികിത്സാർത്ഥം പോകേണ്ടതായി വരുന്നു. ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത് സംബന്ധിച്ച് ഡോക്ടർമാരാണ് ആദ്യനിർദ്ദേശംവെച്ചതെന്ന് ഡിഎംഒ വെളിപ്പെടുത്തി. എല്ലാ കാര്യങ്ങളും പഠിച്ചശേഷം ഇത് സംബന്ധിച്ച് ഡിഎഒ റിപ്പോർട്ട് നൽകും.

LatestDaily

Read Previous

യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ചു

Read Next

റോഡുകൾ തകർന്നു: കെ. എസ്. ടി. പി, ദേശീയ പാതകളിൽ ഭീഷണി