ആഴക്കടലിൽപ്പെട്ട തോണിയിൽ അള്ളിപ്പിടിച്ച് അഞ്ച് പേർ; രക്ഷയായത് ഹാം റേഡിയോ

രക്ഷാ സംഘത്തിന് മന്ത്രി മേഴ്സിക്കുട്ടിയുടെ അഭിനന്ദനം

കാഞ്ഞങ്ങാട്: വെള്ളം കയറി മുങ്ങി ഏത് സമയത്തും കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോകാൻ സാധ്യതയുള്ള ഫൈബർ തോണിയിൽ അള്ളിപ്പിടിച്ച് അഞ്ച് ജീവനുകൾ കഴിച്ചുകൂട്ടിയത് രണ്ട് മണിക്കൂർ. കീഴൂർ കടപ്പുറത്ത് നിന്നും 20 കിലോ മീറ്റർ അകലെ ആഴക്കടലിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് രക്ഷയായത് ഹാം റേഡിയോയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് മടക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് യാത്ര തിരിച്ച മറിയയെന്ന ഫൈബർ ബോട്ട് കീഴൂർ കടപ്പുറത്ത് നിന്നും 20 കിലോ മീറ്റർ അകലെ ആഴക്കടലിൽ അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരം പുതിയതുറയിലെ യേശുദാസിന്റെ മകൻ ഡൈറസ് 37, പുതിയതുറയിലെ സേവ്യറിന്റെ മകൻ ശ്യാംകുമാർ 18, പുതിയതുറ രാജന്റെ മകൻ ജോമിരാജൻ 21, പാഞ്ചിയാടമ്മയുടെ മകൻ കുമാർ 43, പൊയ്യൂർ ഈസ്റ്റർ ഭായ് എന്ന അപ്പുക്കുട്ടൻ 58, എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരും മടക്കരയിൽ നിന്നുമാണ് പതിവായി മത്സ്യ ബന്ധനത്തിന് പോകാറുള്ളത്. ആറ് ദിവസം വരെ കടലിൽ തങ്ങി മത്സ്യബന്ധനം നടത്താനായി ഇന്നലെ രാവിലെ യാത്ര തിരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തോണിക്കടിയിൽ രൂപപ്പെട്ട ദ്വാരത്തിലൂടെ വെള്ളം കയറി ഫൈബർ തോണി മുങ്ങിതാണു. ഇതോടെ കടലിലേക്ക് എടുത്ത് ചാടിയ അഞ്ച്പേരും തോണിയുടെ മുൻഭാഗത്ത് പിടുത്തമിട്ടു.

ഇതോടെ തോണിയുടെ മുൻഭാഗവും മുങ്ങിത്താണു. മത്സ്യത്തൊഴിലാളികൾ ഇതോടെ നീന്തി തോണിയുടെ പിൻഭാഗത്തെത്തി പിൻഭാഗത്ത് പിടുത്തമിട്ടു. പിൻഭാഗം മുങ്ങിത്താണപ്പോൾ മുൻഭാഗത്തേക്ക് പിടുത്തം മാറ്റി രണ്ട് മണിക്കൂറിലേറെ നേരമാണ് മത്സ്യത്തൊഴിലാളികൾ ഇത്തരത്തിൽ ആഴക്കടലിൽ ജീവൻമരണപോരാട്ടം നടത്തിയത്. തൊഴിലാളികളുടെ പക്കൽ മൊബൈൽഫോണുകളുണ്ടായിരുന്നുവെങ്കിലും, റെയിഞ്ച് ലഭിച്ചില്ല. ഇതോടെയാണ് തോണിയിലുണ്ടായിരുന്ന ഹാം റേഡിയോയുടെ സഹായം തേടിയത്.

അപകടത്തിൽപ്പെട്ടവർ ഹാം റേഡിയോയിലൂടെ സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശം തളങ്കര തീരദേശ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് രക്ഷാ ദൗത്യത്തിന് തുടക്കമായത്. തളങ്കര കോസ്റ്റൽ എസ്ഐ, എം.പി പത്മനാഭന്റെ നിർദ്ദേശപ്രകാരം തീരദേശ പോലീസും റിസ്കിബോട്ടും രക്ഷാപ്രവർത്തനം നടത്തി രാത്രി 10 മണിയോടെ ആഴക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിക്കുകയായിരുന്നു. അഞ്ച് പേരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്താനായി. ഇവരെ പിന്നീട് തളങ്കര തീരദേശ പോലീസ് സ്റ്റേഷനിലെത്തിച്ചു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ഫിഷറീസ് രക്ഷാ സേനയെയും കോസ്റ്റൽ ഗാർഡിനെയും, കോസ്റ്റൽ സേനയെയും പോലീസുദ്യോഗസ്ഥരെയും, മത്സ്യത്തൊഴിലാളികളെയും ഫേസ്ബുക്കിലൂടെ മന്ത്രി മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു.

LatestDaily

Read Previous

നൗഷീറയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

Read Next

ഇരു മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച തീരുമാനം രണ്ട് ദിവസത്തിനകം