എൽ. സുലൈഖയുടെയും മഹമൂദ് മുറിയനാവിയുടെയും പരാജയം ഇടതുമുന്നണിക്ക് തിരിച്ചടിയായി

കാഞ്ഞങ്ങാട്: സഗരസഭ വൈസ് ചെയർപേഴ്സണായിരുന്ന ഐഎൻഎൽ സ്ഥാനാർത്ഥി എൽ. സുലൈഖയുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മഹമൂദ് മുറിയനാവിയുടെയും പരാജയം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തവണ ലീഗ് വിമതനായി മൽസരിച്ച് ഇടത് പിന്തുണയോടെ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹമൂദ് മുറിയനാവി സ്ഥിരം സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുൻ ചെയർമാൻ വി. വി രമേശന്റെ വിശ്വസ്തരിൽ ഒരാളായി നഗര ഭരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

ഇത്തവണ വിജയസാധ്യതയുള്ള വാർഡായി കണ്ടാണ് സിപിഎം സ്വതന്ത്രനായി മഹമൂദിനെ മൽസരിപ്പിച്ചത്. എന്നാൽ മുസ്ലീം ലീഗിലെ സെവൻസ്റ്റാർ അബ്ദുറഹ്മാനോട് മഹമൂദ് മുറിയനാവി തോറ്റത് സിപിഎമ്മിന് വലിയ ആഘാതമാണുണ്ടാക്കിയത്. കഴിഞ്ഞ തവണ കരുവളം വാർഡിൽ വിജയിച്ച് വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട എൽ. സുലൈഖ ഇത്തവണ മുസ്ലീം ലീഗ് മുൻ കൗൺസിലർ അബ്ദുറസാഖ് തായിലക്കണ്ടിയുടെ ഭാര്യ ഹസീനയുമായി ഏറ്റുമുട്ടിയാണ് പടന്നക്കാട് വാർഡിൽ നേരിട്ടുള്ള മൽസരത്തിൽ തോറ്റത്. രണ്ട് തവണ നഗരസഭാ കൗൺസിലറായ സുലൈഖയുടെ പരാജയം ഐഎൻഎല്ലിന് താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. ഐഎൻഎൽ പ്രതിനിധിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ അംഗം കൂടിയാണ് സുലൈഖ.

LatestDaily

Read Previous

ആറങ്ങാടിയിൽ മുഹമ്മദ് കുഞ്ഞിക്ക് മിന്നുന്ന ജയം

Read Next

കോൺഗ്രസ്സ് ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞു