ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിവൈഎസ്പി സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് നൂറ് ശതമാനം സംതൃപ്തിയോടെയെന്ന് ഡിവൈഎസ്പി, പി.കെ. സുധാകരൻ പറഞ്ഞു. രണ്ട് തവണയായി ഒന്നര വർഷക്കാലം കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയി സേവനമനുഷ്ഠിച്ച തനിക്ക് കാഞ്ഞങ്ങാട് സമ്മാനിച്ചത് മികച്ച തൊഴിൽ സംതൃപ്തിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട്ടെ ഔദ്യോഗിക കാലയളവിൽ മാധ്യമങ്ങൾ മികച്ച പിന്തുണയാണ് നൽകിയതെന്നും ഡിവൈഎസ്പി ലേറ്റസ്റ്റിനോട് പറഞ്ഞു.
കോവിഡ് വ്യാപന ഭീഷണിയെത്തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് കാഞ്ഞങ്ങാട്ടുകാർ പൂർണ്ണമായി സഹകരിച്ചതിനാലാണ് രോഗ വ്യാപന ഭീതി കുറഞ്ഞത്. കാഞ്ഞങ്ങാട്ടുകാർ പോലീസിനോട് കാണിച്ച ഈ സഹകരണം മറക്കാനാവില്ല. തന്റെ ഔദ്യോഗിക കാലയളവിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവം വളരെ ഭംഗിയായി സമാപിച്ചതിൽ നാട്ടുകാരുടെ സഹകരണം കൂടിയുണ്ട്. പൗരത്വ ബില്ലിനെതിരെ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രതിഷേധ സമരങ്ങൾ നടന്ന കാഞ്ഞങ്ങാട്ട് യാതൊരു അനിഷ്ട സംഭവവുമില്ലാതിരുന്നതിന്റെ കാരണം, പോലീസും പൊതുജനവുമായുള്ള നല്ല ബന്ധമാണ്.
കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, നേതാക്കളും, യുവജനങ്ങളും പോലീസിനോട് മികച്ച രീതിയിൽ സഹകരിക്കുന്നവരാണെന്ന് പി.കെ സുധാകരൻ അഭിപ്രായപ്പെട്ടു.
കല്ല്യോട്ട് നടന്ന പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഒരു അനിഷ്ട സംഭവം പോലും, നടക്കാതിരുന്നത് കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷണൻ ഡി.വൈ.എസ്.പി എന്ന നിലയിൽ ഏറെ സംതൃപ്തി നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷനടക്കമുള്ളവർ തന്ന സഹകരണം മികച്ച രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് രാഷ്ട്രീയ സംഘർഷങ്ങൾ കുറവായതിന് കാരണം പൊതുജന സഹകരണമാണ്. ഇപ്പോൾ ലഭിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സ്ഥാനം ഭാരിച്ച ഉത്തരവാദിത്തമാണെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. തെളിയാതെ കിടക്കുന്ന കേസുകളിൽ മുൻഗണനാക്രമത്തിൽ അന്വേഷണം നടത്തുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.