ഔഫ് കൊലക്കേസിൽ സിപിഎം പാളിച്ച പാർട്ടി അണികളിൽ ആശങ്ക

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ കാഞ്ഞങ്ങാട് കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുറഹിമാൻ 27, കൊലക്കേസ്സ് പ്രതികൾ ജാമ്യത്തിലിറങ്ങിയ പാർട്ടി പാളിച്ചയിൽ അണികൾ കനത്ത ആശങ്കയിൽ. പാർട്ടി പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ സജീവ മുസ്്ലീംലീഗ് പ്രവർത്തകരായ ഒന്നാം പ്രതി പി.എം ഇർഷാദ്, രണ്ടാം പ്രതി ഹസൈൻ പി. എന്ന അസൈൻ, മൂന്നാം പ്രതി മുഹമ്മദ് ഹാഷിർ എന്നിവർ ജാമ്യത്തിലിറങ്ങിയത് 2021 ജൂൺ 17-നാണ്. ഇവരിപ്പോൾ കാസർകോട് ജില്ലയ്ക്ക് പുറത്ത് താമസിച്ചു വരികയാണ്. ജില്ലയിൽ കടക്കുന്നതിന് ഇവർക്ക് ഹൈക്കോടതി വിലക്കുണ്ട്.

കണ്ണൂർ ജയിലിൽ റിമാന്റ് തടവിലായിരുന്ന പ്രതികൾ ആറു മാസത്തിനകം തന്നെ ജാമ്യം സമ്പാദിച്ച് ജയിൽ മോചിതരായപ്പൾ, പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത്്ലാലിനെയും, വെട്ടിക്കൊന്ന സിപിഎം പ്രവർത്തകരായ അഞ്ചു പ്രതികൾ ജാമ്യം ലഭിക്കാതെ 2 വർഷമായി കണ്ണൂർ ജയിലിൽ റിമാന്റ് തടവിലാണ്. ഇവർക്ക് ജാമ്യം ലഭിക്കാനുള്ള നീക്കങ്ങളൊന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റി താൽപ്പര്യമെടുത്തില്ലെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

പുല്ലൂർ പെരിയ പഞ്ചായത്ത് സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റിയുടെ പരിധിയിലാണ്. അതു കൊണ്ട് തന്നെ പ്രതികളെ ജാമ്യത്തിലിറക്കേണ്ട ഉത്തരവാദിത്തം സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റിയുടേതാണ്. സജീവ സിപിഎം പ്രവർത്തകരായ 5 പ്രതികളെ ജാമ്യത്തിലെടുക്കുന്നതിന് പകരം 3 പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി പാർട്ടിയെ മറികടന്ന് ജില്ലാശുപത്രിയിൽ ശുചീകരണ ജോലി നൽകിയ സംഭവവും ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.

LatestDaily

Read Previous

ജോലി ലഭിച്ച പെരിയ കൊലക്കേസ് പ്രതിയുടെ ഭാര്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബേബിയുടെ ബന്ധു

Read Next

പ്രതികളുടെ ജാമ്യത്തിന് കാരണം പ്രോസിക്യൂഷൻ പരാജയം