സിപിഎം-ബിജെപി ബന്ധത്തിനെതിരെ സിപിഐ

കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും  തെരഞ്ഞെടുപ്പുകളിലും സിപിഎം, ബിജെപിയുമായി  ധാരണയുണ്ടാക്കിയതിനെതിരെ സിപിഐ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. കുമ്പള, ബദിയടുക്ക,  മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിരം സമിതി അധ്യക്ഷന്റെ തെരഞ്ഞെടുപ്പിലാണ് സിപിഎം-ബിജെപിയുമായി ധാരണയുണ്ടായത്. മഞ്ചേശ്വരത്ത് സിപിഐ അംഗം ഈ കൂട്ടുകെട്ടിനെതിരായ നിലപാടെടുത്ത് വിട്ടു നിന്നിരുന്നു. 

കഴിഞ്ഞ ദിവസം കാസർകോട്ട് ചേർന്ന സിപിഐ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് സിപിഎമ്മിനെതിരെ  അംഗങ്ങൾ രൂക്ഷ വിമർശനമുയർത്തിയത്. ബിജെപി രണ്ടാം സ്ഥാനത്തുള്ള മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽ സിപിഎം ബിജെപിയുമായി ധാരണയുണ്ടായത്, നിയമസഭാതെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്ഥിരം സമിതി അധ്യക്ഷ പദവിക്ക് വേണ്ടി സിപിഎം-ബിജെപിയുമായി കൂടിയത് അവസരവാദ കൂട്ട് കെട്ടാണെന്ന് സിപിഐ ജില്ലാ അസി. സിക്രട്ടറി ബി.വി. രാജൻ പ്രതികരിച്ചു.

ബിജെപിയെ സഹായിക്കുകയും അവരുടെ സഹായം സ്വീകരിക്കുകയും ചെയ്യുന്നത് മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് സിപിഐ വിലയിരുത്തൽ. കാഞ്ഞങ്ങാട്ട് നഗരസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിൽ ബിജെപിയും, സിപിഎമ്മും വോട്ടിടപാട് നടത്തിയതും ഇതിനകം വിവാദമായിട്ടുണ്ട്.

Read Previous

വനിതാ പുരസ്കാരം കാഞ്ഞങ്ങാട് സ്വദേശിനിക്ക്

Read Next

ചെറുതൊന്ന് ഒഴിക്കട്ടെ-!