സി.എച്ച്. സെന്റർ ഉദ്ഘാടനം ലീഗ് വേദിയിൽ ഹൈദരലി തങ്ങൾ നിർവ്വഹിക്കും

കാഞ്ഞങ്ങാട്: ഈ മാസം ഏഴിന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന സി.എച്ച്. സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം അന്ന് തന്നെ പുതിയകോട്ടയിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടന വേദിയിൽ നടക്കും. ശൃംഗാര ശബ്ദരേഖ വിവാദ പശ്ചാത്തലത്തിൽ ബശീർ വെള്ളിക്കോത്തിനെയും ഏ. ഹമീദ് ഹാജിയെയും ഉൾപ്പെടുത്തി മുസ്്ലീം ലീഗ് അധ്യക്ഷനെ കൊണ്ട് സി.എച്ച്. സെന്റർ ഉദ്ഘാടനം ചെയ്യിക്കുന്നതിനെതിരെ വലിയ വിവാദമാണ് മുസ്്ലീം ലീഗിലും പോഷകഘടകങ്ങളിലുമുണ്ടായത്.

വിവാദ പശ്ചാത്തലത്തിൽ സി.എച്ച്. സെന്റർ ഉദ്ഘാടനം ഇപ്പോൾ വേണ്ടതില്ലെന്നായിരുന്നു സി.എച്ച്. സെന്റർ ഗൾഫ് കമ്മിറ്റികളുടെയും കെഎംസിസിയുടെയും നിലപാട്. ഉദ്ഘാടന വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന സി.എച്ച്. സെന്റർ യോഗത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തതിനാലും, ഈ മാസം മൂന്നിന് വീണ്ടും യോഗം ചേർന്നപ്പോൾ ഉദ്ഘാടനം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായതിനാലും, കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം

ലീഗിന്റെ തീരുമാനമറിയാനായി യോഗം മാറ്റിവെക്കുകയായിരുന്നു. വ്യാഴാഴ്ച പ്രസിഡന്റ് എം.പി. ജാഫറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലീഗ് മണ്ഡലം യോഗം സി.എച്ച്. സെന്റർ ഉദ്ഘാടന പ്രഖ്യാപനം ഏഴിന് നടക്കുന്ന മണ്ഡലം മുസ്്ലീം ലീഗ് ഓഫീസ് കെട്ടിടമായ മെട്രോ മുഹമ്മദ് ഹാജി സ്മാരക മന്ദിരം ഉദ്ഘാടന വേദിയിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ബശീർ വെള്ളിക്കോത്തും, ഏ.ഹമീദ് ഹാജിയുമുൾക്കൊള്ളുന്ന അജാനൂർ പഞ്ചായത്ത് മുസ്്ലീം ലീഗ് യോഗം ഹമീദ് ഹാജിയെയും ബഷീറിനെയും ലീഗ് പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

മേൽ ഘടകമായ കാഞ്ഞങ്ങാട് മണ്ഡലം ലീഗ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റി തീരുമാനം അംഗീകരിച്ചതിനാൽ, ഇരുവരെയും ഒഴിവാക്കിയാണ് മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. തുടർന്ന് ചെയർമാൻ തായൽ അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സി.എച്ച്. സെന്റർ എക്സിക്യൂട്ടീവ് യോഗവും മണ്ഡലം കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചതോടെ, ഏഴിന് ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ഓഫീസ് കെട്ടിടം ഉദ്ഘാടനച്ചടങ്ങിൽ സി.എച്ച്. സെന്റർ ഉദ്ഘാടനം ചെയ്തതായി മുസ്്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും.

സി.എച്ച്. സെന്റർ കാഞ്ഞങ്ങാടിന്റെ പ്രഥമ സംരംഭമായ ഡയാലിസിസ് സെന്റർ മദേഴ്സ് ഹോസ്പിറ്റലിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി ജിഫ്്രി മുത്തു ക്കോയ തങ്ങളുടെ പ്രാർത്ഥനയോടെയാണ് നേരത്തെ ആരംഭിച്ചത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഹൈദരലി തങ്ങളെക്കൊണ്ട് നടത്തിക്കാൻ തീരുമാനമെടുക്കുകയും തങ്ങൾ സമ്മതിച്ചതുമാണ്. ഇതിനിടയിലാണ് ശൃംഗാര ശബ്ദരേഖ വിവാദം കൊഴുത്തത്.  ഇതേതുടർന്നാണ് സി.എച്ച്. സെന്റർ ഉദ്ഘാടന പ്രഖ്യാപനം മണ്ഡലം ലീഗ് ഓഫീസ് ഉദ്ഘാടന വേദിയിൽ നടത്താൻ തീരുമാനമായത്.

LatestDaily

Read Previous

അടിസ്ഥാന സൗകര്യമൊരുക്കാതെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം

Read Next

പത്തുകോടി ചെലവിൽ നിർമ്മിച്ച ചന്തേര- ഒളവറ റോഡിൽ വിജിലൻസ് അന്വേഷണം