കാഞ്ഞങ്ങാട് ബ്ലോക്കിൽ ഇടതിന് മുൻതൂക്കം

കാഞ്ഞങ്ങാട്: രൂപീകരണം മുതൽ ഇന്നേവരെ ഇടതു മുന്നണി ഭരണത്തിലായിരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണയും ഇടതു ജനാധിപത്യ മുന്നണിക്ക് തന്നെയാണ് മുൻതൂക്കം. പതിവു തെറ്റിക്കാതെ ഭരണത്തിൽ തുടരാമെന്ന പ്രതീക്ഷയിൽ ഇടതു പക്ഷം മുന്നേറുമ്പോൾ, നില മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷ യുഡിഎഫിനുമുണ്ട്.

വികസന മേഖലയിൽ വലിയ കുതിപ്പ് നടത്താൻ ഇടതു ഭരണത്തിന് കഴിഞ്ഞതായി അവകാശവാദങ്ങൾ ഉയരുമ്പോൾ, നാളിതുവരെയുള്ള ഇടതു ഭരണത്തിൽ വികസനം മുരടിച്ചതായി ആരോപിച്ചാണ് യുഡിഎഫ് മുന്നണി രംഗത്തുള്ളത്.  അജാനൂർ, മടിക്കൈ, ഉദുമ, പള്ളിക്കര, പുല്ലൂർ– പെരിയ പഞ്ചായത്തുകളിലെ പതിമൂന്ന് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.

ഉദുമ പഞ്ചായത്തിൽ നിന്നുള്ള വി. ഗൗരിയായിരുന്നു കാലാവധി അവസാനിച്ച ഭരണ സമിതിയിൽ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. ഉദുമയിൽ നിന്നുള്ള കെ. മണികണ്ഠനെ മുൻ നിർത്തിയാണ് ഇത്തവണ ഇടതു മുന്നണി പോരിനിറങ്ങിയത്.  കഴിഞ്ഞ തവണ 13– ൽ ഒമ്പതും നേടിയ ഇടതു മുന്നണിക്ക് ഇത്തവണ വർദ്ധിച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നോടാനാവുമെന്ന ഉറച്ച വിശ്വാസമുണ്ട്.

സിപിഎം ഉദുമ ഏരിയ സിക്രട്ടറി സ്ഥാനമൊഴിഞ്ഞ് തദ്ദേശ തിരഞ്ഞടുപ്പിൽ മൽസരത്തിനിറങ്ങിയ മണികണ്ഠൻ ഡിവൈഎഫ്ഐ, മുൻ ജില്ലാ സിക്രട്ടറിയാണ്. ഇടതു മുന്നണിയിൽ സിപിഎം പത്തും, സിപിഐ രണ്ടും, ഐഎൻഎൽ ഒന്നും സീറ്റുകളിൽ മൽസരിക്കുമ്പോൾ യുഡിഎഫിൽ കോൺഗ്രസ്സ് ഒമ്പതും, ലീഗ് മൂന്നും, സിപിഎം ഒന്നും സീറ്റുകളിൽ ജനവിധി തേടുന്നു.

ആരോഗ്യം, കാർഷികം, പാർപ്പിടം, വിദ്യാഭ്യാസ മേഖലകളിൽ വികസനത്തിന് ധനവിനിയോഗം നടത്താൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് സാധ്യമാവുമെന്നതിനാൽ, ഗ്രാമ പഞ്ചായത്തുകൾക്കൊപ്പം ബ്ലോക്ക് പഞ്ചായത്തിനും വികസന പ്രക്രിയയിൽ നല്ല പങ്ക് വഹിക്കാൻ കഴിയുന്നുണ്ട്. ഇക്കാരണത്താൽ ത്രിതല സംവിധാനത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക്: ജനസംഖ്യ: 2,36,705


പുരുഷന്മാർ: 1,15,908
സ്ത്രീകൾ: 1,20,797

LatestDaily

Read Previous

നീലേശ്വരം കവർച്ച : കുപ്രസിദ്ധ മോഷ്ടാവ് വിറകൻ രാധാകൃഷ്ണൻ അറസ്റ്റിൽ

Read Next

മെട്രോ സ്മാരക ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു