കാഞ്ഞങ്ങാട്ടെ ഏ ക്ലാസ്സ് മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടി; വോട്ട് നില ഉയർന്നില്ല

കാഞ്ഞങ്ങാട്: ബിജെപി ഏ ക്ലാസ്സ് മണ്ഡലമായി കണ്ടെത്തിയ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി എ. ബൽരാജിന് വോട്ട് നില ഉയർത്താനായില്ല.  വൻ  പ്രചാരണം നടത്തിയിട്ടും  2016-ൽ എൻഡിഏ ഘടക കക്ഷിയായി ബിഡിജെഎസ് സ്ഥാനാർത്ഥി ഏ.പി. രാഘവൻ മത്സരിച്ച് നേടിയ 21104 വോട്ടിനടുത്തെത്താനെ ബൽരാജിനായുള്ളു. 21570 വോട്ടുമാത്രമാണ്  ബൽരാജിന് ഇത്തവണ നേടാനായത്.

പ്രചാരണ പ്രവർത്തനത്തിൽ ഇടതു- വലതു മുന്നണികളെ  അപേക്ഷിച്ച് വലിയ ഓളങ്ങളുണ്ടാക്കാൻ ബിജെപി സ്ഥാനാർത്ഥിക്കായെങ്കിലും, അത് വോട്ടായി മാറിയില്ല. വലിയ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും, ബിഡിജെഎസ് കഴിഞ്ഞ തവണ പിടിച്ച വോട്ടിനേക്കാൾ 466 വോട്ടുകൾ മാത്രം കൂടുതൽ നേടി ബൽരാജിന് തൃപ്തിപ്പെടേണ്ടി വന്നു.

ത്രികോണ മത്സരമാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടക്കുന്നതെന്ന് ബിജെപി കേന്ദ്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചുവെങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബിജെപി വളർച്ച 466 വോട്ടിലൊതുങ്ങി.  2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ തെരഞ്ഞെടുപ്പിൽ വർദ്ധിച്ച വോട്ടിന്റെ വിഹിതമനുസരിച്ചുള്ള വളർച്ചപോലും ബിജെപിക്കുണ്ടാവാത്തതും ശ്രദ്ധേയമാണ്.

LatestDaily

Read Previous

കാടടച്ച് പ്രചാരണം നടത്തിയിട്ടും ജനതാദൾ യുണൈറ്റഡിന് കിട്ടിയത് 87 വോട്ട്

Read Next

പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചു