കാഞ്ഞങ്ങാട്ട് കവർച്ചാ സംഘം പിടിമുറുക്കി

കാഞ്ഞങ്ങാട്: ലോക് ഡൗണിന് ശേഷം വ്യാപാര മേഖലകൾ സജീവമായതോടെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കവർച്ചാ സംഘങ്ങൾ വീണ്ടും പിടിമുറുക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി കവർച്ചകൾ റിപ്പോർട്ട് ചെയ്യുകയാണ്. മഡിയനിൽ കൺസ്യൂമർ ഫെഡിന്റെ സൂപ്പർ മാർക്കറ്റിലടക്കം നിരവധി കടകളിൽ മോഷണം റിപ്പോർട്ട് ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ ക്ഷേത്ര ഭണ്ഡാരവും പുതിയകോട്ട പള്ളി മഖാമിന്റെ ഭണ്ഡാരവും മോഷണം നടന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. കാലിച്ചാനടുക്കം ത്രിവേണി സൂപ്പർ മാർക്കറ്റിലും കഴിഞ്ഞ ദിവസം മോഷണശ്രമമുണ്ടായി.

പടന്നക്കാട് മേൽപ്പാലത്തിനു സമീപം വീടിന്റെ ജനാല പാളി അടർത്തി മാറ്റി  32 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത് കഴിഞ്ഞാഴ്ചയാണ്. നീലേശ്വരത്ത് ജ്വല്ലറിയിൽ കവർച്ചാശ്രമമുണ്ടായി. ഇതുൾപ്പെടെ ഒട്ടേറെ ഭാഗങ്ങളിൽ മോഷണം നടന്നു. പ്രതികളുടെ ദൃശ്യം സിസിടിവി ക്യാമറകളിൽ പതിയുന്നുണ്ടെങ്കിലും, കൃത്യമായി കവർച്ചക്കാരെ തിരിച്ചറിയാൻ പോലീസിന് സാധിക്കുന്നില്ല.

കാഞ്ഞങ്ങാട് നഗരത്തിലെ മൊബൈൽ ഷോപ്പുകൾ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയ കാരാട്ട് നൗഷാദടക്കമുള്ള കവർച്ചാസംഘത്തെ പിടികൂടിയതിനു ശേഷം തെല്ലൊന്നു നിലച്ച കവർച്ചകളാണ് പൂർവ്വാധികം ശക്തിയിൽ വീണ്ടും നടക്കുന്നത്. കാരാട്ട് നൗഷാദുൾപ്പെടെയുള്ള സംഘം റിമാന്റിലാണുള്ളതെന്നതിനാൽ മറ്റ് കുപ്രസിദ്ധ കവർച്ചാസംഘങ്ങളാണ് ഇപ്പോഴത്തെ കവർച്ചകൾക്ക് പിന്നിലെന്നാണനുമാനം.കവർച്ചക്കാരെ അമർച്ച ചെയ്യുന്നതിന് പോലീസ് അന്വേഷണം ശക്തമാക്കി.

LatestDaily

Read Previous

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനെത്തേടി ഭർതൃമതി പിലിക്കോട്ട്

Read Next

പുറത്താക്കപ്പെട്ട മുൻ കൗൺസിലറെ ലീഗ് പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ വിവാദം