ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഴ വെള്ളത്തിൽ കുതിർന്നു 2 ചാക്ക് ഗോതമ്പ് നശിച്ചു, നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് നാട്ടുകാർ
കാഞ്ഞങ്ങാട് : കോൺക്രീറ്റിൽ വാർത്ത രണ്ടു നിലക്കെട്ടിടത്തിന്റെ കോണിപ്പടികൾ പൊളിച്ച് ഒരു നിലയാക്കി നിർമ്മിച്ച അരയി സെന്റർ അംഗൻവാടിക്കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ വാർഡ് 20–ൽ പത്തുമാസം മുമ്പ് പണിത കോൺക്രീറ്റ് അംഗൻവാടിക്കെട്ടിടത്തിന് മഴയിൽ വിള്ളൽ വീഴുകയും ചെയ്തു.
ബിജെപി കൗൺസിലർ വൽസലൻ അരയി പ്രതിനിധീകരിച്ചിരുന്ന വാർഡ് 20–ൽ വി. വി. രമേശൻ ഭരണത്തിൽ 15 ലക്ഷം രൂപ ചിലവിൽ പണിത അംഗൻവാടി കെട്ടിടം നിർമ്മിച്ചത് നഗരസഭയിൽ സ്ഥിരം കരാറുകാരനായ അത്തിക്കോത്ത് ചന്ദ്രനാണ്. രണ്ടു നിലക്കെട്ടിടമാണ് പാസ്സായത്. ഒന്നാം നിലയിൽ കയറാൻ കോണിപ്പടി പണിതിരുന്നുവെങ്കിലും, പിന്നീട് ഒരു നിലയിൽ മാത്രം ഒതുക്കി നിർത്തുകയും കോൺക്രീറ്റ് കോണിപ്പടി പൊളിച്ചു നീക്കുകയും ചെയ്തു.
അംഗൻവാടി ഉദ്ഘാടനം ചെയ്തത് വി. വി. രമേശനാണ്. അംഗൻവാടി കുട്ടികൾക്ക് കിറ്റ് കൊടുക്കാൻ ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് ചാക്ക് ഒന്നാന്തരം ഗോതമ്പ് കഴിഞ്ഞ ദിവസം മഴവെള്ളം വീണ് നശിച്ചു. ഈ ഗോതമ്പ് അംഗനവാടി അധ്യാപിക അജിതയും നാട്ടുകാരും ചേർന്ന് പുറത്തു കളഞ്ഞത് ഒരാഴ്ച മുമ്പാണ്. നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് അരയിയിലെ നാട്ടുകാർ ആവശ്യപ്പെട്ടു.