പ്രഖ്യാപനങ്ങൾ കാറ്റിൽപ്പറന്നു; അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിൽ ബസ്സുകൾ കയറിയില്ല

കാഞ്ഞങ്ങാട്: മാർച്ച് 1 മുതൽ അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിനകത്ത് കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ പ്രവേശിക്കുമെന്ന കാഞ്ഞങ്ങാട് നഗരസഭയുടെ പ്രഖ്യാപനത്തിന് പുല്ലുവില. മിക്ക ബസ്സുകളും മാർച്ച് ഒന്നിന് ശേഷവും ബസ്റ്റാന്റിനകത്ത് പ്രവേശിക്കാൻ തയ്യാറായിട്ടില്ല.

നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത മുൻകൈയെടുത്ത് കെ.എസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ ജനറൽ കൺട്രോളർ ഇൻസ്പെക്ടർ പി. കുഞ്ഞിക്കണ്ണൻ, ബസ് ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ സത്യൻ പൂച്ചക്കാട്, ഹസൈനാർ, എം.പി സുകുമാരൻ, കെ.വി. രവി എന്നിവർ ഫെബ്രുവരി 25-ന് ചർച്ച നടത്തുകയും, മാർച്ച് ഒന്നു മുതൽ മുഴുവൻ ബസ്സുകളും അലാമിപ്പള്ളി ബസ്റ്റാന്റിൽ പ്രവേശിക്കാൻ തത്വത്തിൽ തീരുമാനമുണ്ടാവുകയായിരുന്നു.

കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ ആധുനിക രീതിയിലുള്ള പുതിയ ബസ്റ്റാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടു വർഷം പിന്നിട്ടുവെങ്കിലും, ബസ്സുകൾ സ്റ്റാന്റിൽ കയറാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് നഗരസഭ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെയും സ്വകാര്യ ബസ് ഉടമസ്ഥ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേർത്തത്.

യോഗത്തിലെടുത്ത തരുമാന പ്രകാരം 2021 മാർച്ച് ഒന്ന് തിങ്കളാഴ്ച്ച മുതൽ ബസ്സുകൾ അലാമിപ്പള്ളി സ്റ്റാന്റിൽ പ്രവേശിക്കേണ്ടതാണെങ്കിലും, മാർച്ച് 3-ാം തീയ്യതിയും പുതിയ ബസ്റ്റാന്റ് ബസുകളില്ലാതെ വിജനമാണ്. കാസർകോട്, പാണത്തൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ കോട്ടച്ചേരി ബസ് സ്റ്റാന്റിൽ ആളുകളെ ഇറക്കി പുതിയ ബസ്റ്റാന്റിൽ പാർക്ക്  ചെയ്യണമെന്നാണ് തീരുമാനമുണ്ടായത്.

നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് വരെ സർവ്വീസ് നടത്തുന്ന ബസ്സുകൾ പുതിയ ബസ് സ്റ്റാന്റിൽ കയറി കോട്ടച്ചേരി ബസ് സ്റ്റാന്റിൽ യാത്ര അവസാനിപ്പിച്ച് പുതിയ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്യണമെന്നും തീരുമാനിച്ചിരുന്നു.

കാസർകോട് ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ പുതിയ ബസ് സ്റ്റാന്റിൽ നിന്നും യാത്ര ആരംഭിച്ച് കോട്ടച്ചേരി ബസ് സ്റ്റാന്റിന് എതിർവശം സമയക്രമം പാലിച്ച് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി യാത്ര തുടരുവാനും തീരുമാനിച്ചാണ് ബസുടമകളുമായി നഗരസഭ നടത്തിയ യോഗം അവസാനിപ്പിച്ചത്. എന്നാൽ ഇന്നലെയും മിക്ക ബസ്സുകളും അലാമിപ്പള്ളി സ്റ്റാന്റിൽ കയറാതെ ബസ് സ്റ്റാന്റിന് മുന്നിലെ റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയത്.

LatestDaily

Read Previous

കാസർകോട്ട് തട്ടിക്കൊണ്ടുപോയ മാണിക്കോത്ത് യുവാവിനെ ബംഗളൂരുവിൽ കണ്ടെത്തി

Read Next

മംഗ്ളൂരുവിൽ നിന്നും കവർച്ച ചെയ്ത ബൊലേറോയുമായി പ്രതി ബേക്കലിൽ അറസ്റ്റിൽ