അമ്പലത്തറയിലും മൂലക്കണ്ടത്തും പോലീസ് ഗ്രനേഡ് എറിഞ്ഞു കല്ല്യോട്ട് സിപിഎം നേതാവിനെ ആക്രമിച്ചു

ചെറുവത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ ഓട്ടോ കത്തിച്ചു∙മുട്ടുന്തലയിൽ എസ്ഐക്ക് നേരെ കയ്യേറ്റ ശ്രമം∙അമ്പലത്തറ ഐപിക്കും പോലീസുദ്യോഗസ്ഥർക്കും പരിക്ക്

കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കാഞ്ഞങ്ങാട്, അമ്പലത്തറ, ബേക്കൽ, ചന്തേര പോലീസ് സ്റ്റേഷൻ അതിർത്തികളിൽ അക്രമം.  അമ്പലത്തറയിലും മൂലക്കണ്ടത്തും വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അക്രമികളെ തുരത്താൻ പോലീസ് നിരവധി തവണ ടിയർ ഗ്യാസ് പ്രയോഗിച്ചു. പോലീസുദ്യോഗസ്ഥർക്കും സ്ഥാനാർത്ഥിക്കും പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർത്തു. പോളിംഗ് അവസാനിച്ചയുടനെയാണ് അമ്പലത്തറയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പുല്ലൂർ – പെരിയ ഗ്രാമ പഞ്ചായത്തിൽ 7-8 വാർഡുകളിലെ പോളിംഗ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന അമ്പലത്തറ ഗവ ഹൈസ്കൂളിന് മുന്നിൽ ഇന്നലെ രാത്രിയുണ്ടായത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു.

തികച്ചും സമാധാനപരമായിട്ടാണ് തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചതെങ്കിലും, 6 മണി മുതൽ അക്രമം അരങ്ങേറുകയായിരുന്നു. പോളിംഗ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വന്ന യുഡിഎഫ് 7-ാം വാർഡ് സ്ഥാനാർത്ഥി കോൺഗ്രസ്സിലെ കൃഷ്ണകുമാറിനെ ബൂത്തിന് മുന്നിലിട്ട് ഒരുസംഘം സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചു. കൃഷ്ണകുമാറിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ചീഫ് ഏജന്റ് അമ്പലത്തറയിലെ മുനീറിനും 50, മുസ്്ലീം ലീഗ് പ്രവർത്തകൻ അസൈനാറിനും മർദ്ദനമേറ്റു.

സംഘർഷം രൂക്ഷമായതോടെ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ദാമോദരന്റെയും എസ്ഐ, രാജീവന്റെയും നേതൃത്വത്തിൽ സ്ഥലത്തേക്ക് പോലീസെത്തിയിട്ടും, സിപിഎം പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറായില്ല. തുടർന്ന് പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. ഇതോടെ സിപിഎം പ്രവർത്തകർ പോലീസിന് നേരെ തിരിഞ്ഞു. കുപ്പിച്ചില്ലും, കല്ലുകളുമുപയോഗിച്ച് പ്രവർത്തകർ പോലീസിനെ നേരിട്ടു. കല്ലേറിൽ ഐപിക്കും രണ്ട് പോലീസുദ്യോഗസ്ഥർക്കും സാരമായി പരിക്കേറ്റു.

അമ്പലത്തറ സ്റ്റേഷനിലെ പോലീസ് ജീപ്പ് കല്ലേറിൽ തകർന്നു. കല്ലേറും കുപ്പിയേറും രൂക്ഷമായതോടെ പോലീസ് നിരവധി തവണ ടിയർ ഗ്യാസ് പ്രയോഗിച്ചു. അമ്പലത്തറയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ മുനവ്വിർ 24, മുനീർ 50, അസൈനാർ എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെയാണ് മാവുങ്കാൽ മൂലക്കണ്ടത്ത് സംഘർഷമുണ്ടായത്. പോളിംഗ് ബൂത്തിലുണ്ടായ യുഡിഎഫ്, എൽഡിഎഫ് തർക്കത്തിന്റെ പേരിൽ മൂലക്കണ്ടത്തെ കോൺഗ്രസ്സ് പ്രവർത്തകരും വെള്ളിക്കോത്ത് നിന്നുമെത്തിയ സിപിഎം പ്രവർത്തകരും ചേരി തിരിഞ്ഞ് പരസ്പരം കല്ലേറ് നടത്തി. ഇരു വിഭാഗത്തും നൂറ് കണക്കിന് പ്രവർത്തകർ സംഘടിച്ചുനിന്ന് കുപ്പിയും കല്ലുമുപയോഗിച്ച് പരസ്പരം എറിയുകയായിരുന്നു.

ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയിട്ടും, ഇരുകൂട്ടരും പിരിഞ്ഞ് പോകാൻ തയ്യാറാവാതെ കല്ലേറ് തുടർന്നു. ഇവിടെ ഏഴ് തവണ ടിയർ ഗ്യാസ് പ്രയോഗിച്ചാണ് ഇരു വിഭാഗം പ്രവർത്തകരെയും പോലീസ് തുരത്തിയത്.
ഇരു വിഭാഗത്തിലുംപെട്ട നിരവധി പേർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട 200 പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് നേരിട്ട് കേസ്സെടുത്തു.

അമ്പലത്തറയിൽ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ സ്കൂട്ടി അടിച്ച് തകർത്തിട്ടുണ്ട്. പെരിയ കല്ല്യോട്ട് സിപിഎം നേതാവ് കൃഷ്ണനെയും പ്രവർത്തകൻ ബിജുവർഗീസിനെയും കോൺഗ്രസ്സ് പ്രവർത്തകർ ആക്രമിച്ചു. ഇന്നലെ രാത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് ആക്രമണം. അജാനൂർ മുട്ടുന്തലയിൽ സിപിഎം – ലീഗ് പ്രവർത്തകർ തമ്മിൽ രാത്രി സംഘർഷമുണ്ടായി. മുട്ടുന്തലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ എസ്ഐ, മഹേഷിനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എസ്ഐയുടെ പരാതിയിൽ മുകേഷ്, സുർജിത്ത് ഉൾപ്പെടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് ഇടതിന് ഭരണത്തുടർച്ച ഇടതുമുന്നണി 24 സീറ്റുകൾ ഉറപ്പിച്ചു

Read Next

സിബിഐ സംഘം പെരിയയിൽ ഡമ്മി പരീക്ഷിച്ചു