ആവിക്കരയിൽ വീട്ടിൽ വൻ കവർച്ച 15 പവൻ സ്വർണ്ണാഭരണങ്ങളും 27,000 രൂപയും കവർന്നു

കാഞ്ഞങ്ങാട്: ആവിക്കര ഗാർഡർ വളപ്പിലെ വീട്ടിൽ വൻ കവർച്ച. വീട്ടുകാർ ചികിൽസാർത്ഥം മംഗളൂരുവിൽ പോയി തിരികെ വന്നപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. ആവിക്കര ഗാർഡർ വളപ്പിലെ ടി. എം. ഹസ്സൻകുഞ്ഞിയുടെ വീട്ടിൽ നിന്നാണ് പതിനഞ്ച് പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 27,000 രൂപയും കാണാതായത്. മാതാവിന്റെ ചികിൽസാർത്ഥം ടി. എം. ഹസ്സൻകുഞ്ഞി ഇന്നലെ ഉച്ചയ്ക്ക് വീട് പൂട്ടി മംഗളൂരുവിൽ പോയിരുന്നു.

രാത്രി എട്ടരയോടെ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും, പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇരുനില വീടിന്റെ രണ്ടാം നിലയിലെ ജലസംഭരണിയോട് ചേർന്ന വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മോഷണത്തിനിടയിൽ താഴെ വീണ ഒരു സ്വർണ്ണവള പിന്നീട് വീടിനകത്ത് കണ്ടെത്തി. ഹസ്സൻകുഞ്ഞി വിവരമറിയിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ്ഗ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധിച്ചു.  കവർച്ച നടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. സംഭവത്തിൽ ഹസ്സൻകുഞ്ഞിയുടെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

കുഴൽപ്പണ സംഘത്തെ തട്ടിക്കൊണ്ടുപോയ‍ കേസിലെ പ്രതി‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍

Read Next

നായ്ക്കുരണ: സിപിഎം പ്രവർത്തകന് എതിരെ കേസ്സ്