ട്വിറ്റർ വിലക്കിൽ നിന്നും മുക്തയായി കങ്കണ;’എമര്‍ജൻസി’യുടെ പിന്നണി ദൃശ്യങ്ങൾ വൈറൽ

രണ്ട് വർഷത്തെ വിലക്കിനു ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് വീണ്ടും ട്വിറ്ററിൽ. 2021 ൽ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് നിരോധിച്ചിരുന്നു. ട്വിറ്ററിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു. തന്‍റെ പുതിയ ചിത്രമായ ‘എമർജൻസി’യുടെ പിന്നണി ദൃശ്യങ്ങളും കങ്കണ പങ്കുവച്ചു.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും മമത ബാനർജിയുടെ വിജയത്തെക്കുറിച്ചും പ്രകോപനപരമായ ട്വീറ്റുകൾ ചെയ്തതിന്‍റെ പേരിൽ കങ്കണ റണാവത്തിനു ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. ട്വിറ്ററിലെ വിലക്ക് നീക്കിയതിന്‍റെ സന്തോഷത്തിലാണ് കങ്കണ ഇപ്പോൾ. ‘എമര്‍ജൻസി’ എന്ന ചിത്രം പൂർത്തിയായെന്ന കങ്കണയുടെ ട്വീറ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കങ്കണ റണൗട്ട് തന്നെ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്’എമർജൻസി’.

പേര് സൂചിപ്പിക്കുന്നത് പോലെ, അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായതായി കഴിഞ്ഞ 21 നു കങ്കണ പ്രഖ്യാപിച്ചിരുന്നു. റിതേഷ് ഷായാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മണികർണിക ഫിലിംസിന്‍റെ ബാനറിൽ കങ്കണ റണാവത്തും രേണു പിറ്റിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. 2019 ൽ പുറത്തിറങ്ങിയ ‘മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി’ ആയിരുന്നു കങ്കണ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. എന്നിരുന്നാലും, കൃഷ് ജഗർലമുടിക്കൊപ്പമാണ് കങ്കണ ഇത് സംവിധാനം ചെയ്തത്. കങ്കണയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ ‘എമർജൻസി’യ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്.

Read Previous

ഓസ്കാർ നോമിനേഷൻ നേടി ‘നാട്ട് നാട്ട്’ ഗാനം; നേട്ടം ഒറിജിനൽ സോങ് വിഭാഗത്തിൽ

Read Next

‘ഗാന്ധി-ഗോഡ്‌സെ: ഏക് യുദ്ധ്’ ചിത്രത്തിന്‍റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി