ഖമറുദ്ദീന്റെ അറസ്റ്റ്: ലീഗും യുഡിഎഫും പ്രതിരോധത്തിൽ

തദ്ദേശ മത്സരത്തിന് ജില്ലയിൽ കടുപ്പം കൂടും

കാഞ്ഞങ്ങാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയ സാഹചര്യത്തിലാണ് ജില്ലയിൽ യുഡിഎഫിന്റെ മുൻ ചെയർമാനും, മഞ്ചേശ്വരം എംഎൽഏയും മുസ്്ലീം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീൻ ജ്വല്ലറിത്തട്ടിപ്പ് കേസ്സിൽ അറസ്റ്റിലായത്.


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും വിശിഷ്യാ മുസ്്ലീം ലീഗിനെയും ഈ അറസ്റ്റ് പ്രതിരോധത്തിലാക്കി. ഖമറുദ്ദീൻ മുസ്്ലീം ലീഗ് ജില്ലാ പ്രസിഡന്റായിരിക്കെ തൽസമയം തൃക്കരിപ്പൂർ സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടും, നിലവിൽ ലീഗ് പ്രവർത്തക സമിതിയംഗവുമായ പൂക്കോയയും ചേർന്നാണ് ജ്വല്ലറിയിലേക്ക് നിക്ഷേപങ്ങൾ അധികവും സ്വീകരിച്ചത്.


ഖമറുദ്ദീന്റെ ലീഗ് പദവിയും പൂക്കോയയുടെ ആത്മീയ പരിവേഷവും കോടികളുടെ നിക്ഷേപം ഫാഷൻ ഗോൾഡ് ജ്വല്ലറികളിലെത്തിക്കാൻ സഹായകരമായി. ഇക്കാര്യം തന്നെയാണ് മുസ്്ലീം ലീഗിനെയും യുഡിഎഫിനെയും ഇപ്പോൾ പ്രതിരോധത്തിലാക്കിയിട്ടുള്ളത്.


നിക്ഷേപകരിൽ മഹാഭൂരിപക്ഷവും മുസ്്ലീം ലീഗ് പ്രവർത്തകരും, അതിൽതന്നെ ഏറെയും പാവപ്പെട്ട വരുമാണ്. ഗൾഫ് രാജ്യങ്ങളിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയ പണവും, മക്കളുടെ വിവാഹാവശ്യത്തിനും വിദ്യാഭ്യാസച്ചെലവുകൾക്കും ചികിത്സയുടെ ആവശ്യത്തിനും കരുതിവെച്ച പണവുമാണ് ലാഭം പ്രതീക്ഷിച്ച് പലരും ഖമറുദ്ദീന്റെയും പൂക്കോയയുടെയും ജ്വല്ലറികളിൽ നിക്ഷേപിച്ചത്. എല്ലാം നഷ്ടപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് ലീഗ് നേതൃത്വത്തിൽ പ്രതീക്ഷയുണ്ടായിരുന്നു.


ആറുമാസംകൊണ്ട് തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചു കൊടുക്കണമെന്ന് ലീഗ് നേതൃത്വം ഖമറുദ്ദീനോട് ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇപ്പോൾ ആ പ്രതീക്ഷയും അസ്ഥാനത്തായി.  അതേസമയം അനേക ലക്ഷങ്ങൾ മുടക്കിയ വൻകിടക്കാരിൽ പലരും നിയമ നടപടികളിൽ നിന്ന് പിന്നോട്ട് പോകുമ്പോഴാണ് സാധാരണക്കാർ നിയമ നടപടികൾക്കൊരുങ്ങിയത്.


ലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച മാധ്യസ്ഥൻ ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉൾപ്പെടെ ജില്ലയിലെ പല പ്രമുഖർക്കും ലക്ഷങ്ങൾ തിരിച്ചു ജ്വല്ലറിയിൽ നിന്ന് കിട്ടാനുണ്ട്. അതേസമയം മുസ്്ലീം ലീഗ് ജില്ലാ കമ്മിറ്റിക്ക് പ്രതിമാസം അരലക്ഷം രൂപ വരെ ജ്വല്ലറിയിൽ നിന്ന് ലാഭ വിഹിതം കിട്ടിയിരുന്നു. ലീഗ് ജില്ലാകമ്മിറ്റിയുടെ 40 ലക്ഷം രൂപയാണ് ജ്വല്ലറിയിൽ നിക്ഷേപിച്ചിരുന്നത്. 2019 മാർച്ച് വരെ നാൽപ്പതിനായിരം രൂപ മുതൽ അരലക്ഷം രൂപ വരെ ലാഭ വിഹിതമാണ് മുസ്്ലീം ലീഗ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയത്.


ജ്വല്ലറി ചെയർമാൻ ഖമറുദ്ദീന്റെയും, മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളുടെയും വീടുകളിൽ കയറിയിറങ്ങി നിക്ഷേപം തിരിച്ചു ചോദിക്കുന്നതിനിടയിലാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയായി ഖമറുദ്ദീനെ ലീഗ് സംസ്ഥാന നേതൃത്വം രംഗത്തിറക്കിയത്.


ഇതിനിടെ ജ്വല്ലറിയുടെ വിവിധ ശാഖകളിൽനിന്ന് സ്വർണ്ണം കടത്തികൊണ്ടുപോവുകയും, ചെയ്തതോടെ സാധാരണക്കാരായ ലീഗുകാർ ഉൾപ്പെട്ട നിക്ഷേപകർ തീർത്തും വെട്ടിലായി. തുടക്കത്തിൽ വസ്തുതകൾ പുറത്ത് വന്നപ്പോൾ തന്നെ ലീഗ് നേതൃത്വം ഇടപെട്ടിരുന്നുവെങ്കിൽ, സാധാരണക്കാരുടെ പണമെങ്കിലും, നിക്ഷേപകർക്ക് തിരിച്ച് കിട്ടുമായിരുന്നു. ഇത് തട്ടിപ്പല്ല, സിവിൽ കേസ്സ് മാത്രമാണെന്നും, നിക്ഷേപകർ പറയുന്നത് പോലെ പണം തിരിച്ചു കൊടുക്കാൻ ബാധ്യതയില്ലെന്നുമാണ് ഖമറുദ്ദീനും പൂക്കോയയും ഇപ്പോഴും പറയുന്നത്. ആയിരങ്ങൾക്ക് കോടികൾ തിരിച്ചുകിട്ടാതിരിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമായത്.


രണ്ട് എംഎൽഏമാരാണ് മുസ്്ലീം ലീഗിന് കാസർകോട് ജില്ലയിലുള്ളത്. ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് സ്ഥാനവും കാസർകോട് നഗസഭ ചെയർപേഴ്സൺ സ്ഥാനവും കൈയിലുള്ള മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് നഗരസഭയിലും ഏതാനും പഞ്ചായത്തുകളിലും പ്രബല കക്ഷിയാണ്.  ജ്വല്ലറി തട്ടിപ്പിൽ ലിഗ് എംഎൽഏ അറസ്റ്റിലായതോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ ലീഗും യുഡിഎഫും ഏറെ പ്രയാസപ്പെടേണ്ടി വരും. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായായിരിക്കും നിക്ഷേപത്തട്ടിപ്പിനിരയായവർ രംഗത്തു വരിക. ഇതിനെ പ്രതിരോധിക്കാൻ എങ്ങിനെ കഴിയുമെന്നാണ് ലീഗിലെയും യുഡിഎഫിലെയും ബുദ്ധികേന്ദ്രങ്ങൾ ആലോചിക്കുന്നത്.


മൂന്ന് നഗരസഭകളും 38 ഗ്രാമ പഞ്ചായത്തുകളും, ആറ് ബ്ലോക്ക് പഞ്ചായത്തുകളുമുള്ള കാസർകോട് ജില്ലയിൽ, ഗ്രാമപഞ്ചായത്തുകളിൽ 19 യുഡിഎഫും, 15 എൽഡിഎഫും രണ്ട് ബിജെപിയും ഒന്ന് വിമത കോൺഗ്രസ്സും ഭരിക്കുന്നു. മൂന്ന് നഗരസഭകളിൽ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഇടതുമുന്നണിയും കാസർകോട്ട് യുഡിഎഫുമാണ് നിലവിൽ ഭരണത്തിലുള്ളത്. ജില്ലാ പഞ്ചായത്തിൽ 17 ഡിവിഷനുകളിൽ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വിജയ സാധ്യത നിർണ്ണയിക്കുന്നത്.
നിലവിൽ തൃക്കരിപ്പൂർ സ്വദേശി ഏജിസി ബഷീറാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.


പുത്തിഗെ ഡിവിഷന് പുറമെ നേരത്തെ എൽഡിഎഫിനുണ്ടായ ഇടനീർ കൂടി ബിജെപി പിടിച്ചതോടെയാണ് ഇടത് മുന്നണിക്കുണ്ടായ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തത്.  ലോക്സഭാ തിരഞ്ഞടുപ്പിൽ യുഡിഎഫ് കാസർകോട് മണ്ഡലം പിടിച്ചെടുത്ത ആവേശത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള യുഡിഎഫ് പുറപ്പാടിനിടയിലാണ് ഇടിത്തീപോലെ ജ്വല്ലറിത്തട്ടിപ്പ് ലീഗിനും യുഡിഎഫിനും തീരാത്ത കളങ്കമായി മടിയിൽ വീണുകിടക്കുന്നത്.

LatestDaily

Read Previous

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ അന്വേഷണം ദിലീപിലേക്ക്

Read Next

ജില്ലാ ആശുപത്രി കോവിഡാശുപത്രിയാക്കി മാറ്റിയത് നിർധന രോഗികളോടുള്ള വഞ്ചന