ഖമറുദ്ദീന്റെ റിമാന്റ് കാലാവധി നീട്ടി

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി ഖമറുദ്ദീൻ എംഎൽഏയുടെ റിമാന്റ് 14 ദിവസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് ഹോസ്ദുർഗ് മജിസ്ട്രേറ്റ് ഉത്തരവായി. നേരത്തെ 11 കേസുകളിൽ റിമാന്റിലായ എംഎൽഏയുടെ റിമാന്റ് കാലാവധി തീർന്നതോടെയാണിത്.

എംഎൽഏ ക്രൈം ബ്രാഞ്ച് കാസർകോട് ഡിവൈഎസ്പി, കെ. ദാമോദരൻ, കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, എം.സുനിൽകുമാർ എന്നിവർ ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിലും, കാസർകോട് ടൗൺ പോലീസിൽ രജിസ്റ്റർ ചെയ്ത 5 കേസുകളിലുമാണ് ഇന്നലെ കോടതി അനുമതിയോടെ ചോദ്യം ചെയ്തത്.

ഇന്നലെ 7 കേസുകളിൽക്കൂടി എം.എൽഏയുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ 75 കേസുകളിൽ എംഎൽഏ അറസ്റ്റിലായി. 56 കേസുകളിൽ കോടതിയിൽ റിമാന്റ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. നിലവിൽ കാസർകോട്, ചന്തേര പോലീസ് സ്റ്റേഷനുകളിലായി എംഎൽഏയ്ക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 116 ആയി. പയ്യന്നൂരിൽ ഇതുവരെ ഖമറുദ്ദീനെതിരെ 21 കേസുകളാണ് റജ്സ്റ്റർ ചെയതിരിക്കുന്നത്. ഇവയിൽ 13 കേസുകളിൽ ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. 29 കേസുകളിലായി എം.സി ഖമറുദ്ദീന് വേണ്ടി ഹോസ്ദുർഗ്ഗ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇവയെല്ലാം നിരസിക്കപ്പെട്ടു.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പോലീസിൽ പരാതി കൊടുക്കാതെ നിരവധിപേർ ഇനിയും ബാക്കിയുണ്ട്. ഇവരിൽ ചിലർ പരാതി പറയാൻ കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന അധ്യക്ഷനെത്തേടി പാണക്കാട്ടെത്തിയിരുന്നെങ്കിലും, ഇവരെ ആരെയും കാണാൻ ലീഗ് സംസ്ഥാന അധ്യക്ഷൻ തയ്യാറായില്ല. ഇതേത്തുടർന്ന് പരാതിയുമായി പോയവർ നിരാശരായി തിരിച്ചു വരികയായിരുന്നു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ മുസ്്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇതുവരെ വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല.  പി.കെ. കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളെ പ്രതികരിക്കാൻ സമ്മതിക്കുന്നില്ലെന്നാണ് നിക്ഷേപത്തട്ടിപ്പിനിരയായ ലീഗ് അനുഭാവികളുടെ ആരോപണം. സംസ്ഥാനത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ എണ്ണൂറോളം പേരെ നിക്ഷേപത്തട്ടിപ്പിനിരയാക്കിയത്.  ഈ നിക്ഷേപക്കൊള്ളയെയാണ് മുസ്്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം ബിസിനസ് തകർച്ചയെന്ന് ലഘൂകരിക്കുന്നത്.

LatestDaily

Read Previous

പോത്തിന്റെ മറവിൽ ജില്ലയിലേക്ക് കഞ്ചാവ് കടത്ത്

Read Next

കാർത്തിക് അമ്പു അന്തരിച്ചു