ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഇളകിയാടുന്ന അധികാര സിംഹാസനങ്ങളുടെ അടിത്തറ ഉറപ്പിക്കാൻ കല്ലൂരാവി മുണ്ടത്തോട്ടിൽ യുവാവിന്റെ കുരുതിച്ചോരയൊഴുക്കിയ മുസ്്ലീം ലീഗ് ശിഥിലമാക്കിയത് ഒരു കുടുംബത്തിന്റെ അത്താണിയെയാണ്. കൊലയാളികൾ ഒരേസമയം അനാഥമാക്കിയത് കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയുമാണ്. സുന്നി കാന്തപുരം വിഭാഗത്തിന്റെ ഉറച്ച അനുയായിരുന്ന ഔഫ് അബ്ദുറഹ്മാൻ വിവാഹം ചെയ്തത് പിതാവ് നഷ്ടപ്പെട്ട അനാഥ പെൺകുട്ടിയെയാണ്.
അനാഥയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ജീവിതാദർശത്തിന്റെ പേരിലാണ് ഔഫ് ചെറുപ്പത്തിൽത്തന്നെ പിതാവ് നഷ്ടപ്പെട്ട് അനാഥയായ ഷാഹിനയെ വിവാഹം കഴിച്ചത്. കാന്തപുരം ഏ.പി. അബൂബക്കർ മുസലിയാർ നടത്തിയ കേരള യാത്രയിലെ സ്ഥിരാംഗമായിരുന്ന യുവാവ് എസ്എസ്എഫിന്റെ സാംസ്കാരികോത്സവങ്ങളിലെ സ്ഥിരം സംഘാടകനും ഉറച്ച ഇടതു അനുയായിയും കൂടിയായിരുന്നു. കടിഞ്ഞൂൽ കൺമണിയെ ഒരു നോക്ക് കാണാൻ പോലുമനുവദിക്കാതെയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഔഫിന്റെ ജീവനെടുത്തത്.
ഭർത്താവ്് നഷ്ടമായതോടെ ഷാഹിന അനാഥത്വത്തിന്റെ നിലയില്ലാക്കയത്തിലേക്കാണ് വീണ്ടും എറിയപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന ഔഫിന്റെ മാതാവ് ആയിഷ, ഇതുവരെ മകൻ മരിച്ച യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടില്ല. ഹൃദയമുള്ള ആരുടെയും കണ്ണ് നനയിക്കുന്നതാണ് ഔഫിന്റെ കുടുംബത്തിലെ കാഴ്ചകൾ. ഔഫ് അബ്ദുറഹ്മാന്റെ ചോരയുടെ മണം മാറും മുമ്പ് തന്നെ ഇരയെ വേട്ടക്കാരനാക്കി ചിത്രീകരിക്കാനാണ് മുസ്്ലീം ലീഗിലെ ചില നേതാക്കൾ ശ്രമിച്ചത്.
കുത്തേറ്റ് മരിച്ച യുവാവിന്റെ വീട്ടിൽ സന്ദർശനം നടത്താൻ പോലും തയ്യാറാകാതെ ലീഗ് ദേശീയ സമിതിയംഗമായ ഏ. ഹമീദ്ഹാജി ആദ്യം ഓടിയെത്തിയത് ഔഫ് വധക്കേസ്സിൽ ഒന്നാം പ്രതിയായ ഇർഷാദിന്റെ അടുത്തേക്കാണ്. ഔഫ് ഇർഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വിചിത്ര വാദവുമായി ഏ. ഹമീദ് ഹാജി പുറത്തുവിട്ട ശബ്ദ സന്ദേശം നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കിലെത്തിയ നാലംഗ സംഘം യൂത്ത് ലീഗ് നേതാവായ ഇർഷാദിനെ ആക്രമിക്കുകയായിരുന്നെന്നും, ഔഫ് ഇർഷാദിന്റെ തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിച്ചെന്നുമാണ്, സംഭവം നടന്നതിന് പിന്നാലെ ഹമീദ്ഹാജി ശബ്ദസന്ദേശം പുറത്തുവിട്ടത്.
ഹമീദ്ഹാജി സന്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ തന്നെയാണ് ഔഫിനെ കൊന്നത് താനാണെന്ന് ഇർഷാദ് പോലീസിനോട് സമ്മതിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ആക്ടിങ്ങ് പ്രസിഡണ്ട് കൂടിയായ ഏ. ഹമീദ്ഹാജി കൊല്ലപ്പെട്ട യുവാവിന്റെ വീട് സന്ദർശിക്കാൻപോലും മെനക്കെടാതെ, നേരെ ഇർഷാദിനെ പ്രവേശിപ്പിച്ച മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയിലേക്ക് പോയതിന്റെ ലക്ഷ്യം കൊലയാളിയെ വെള്ള പൂശാൻ തന്നെയാണെന്നാണ് ആരോപണം. തങ്ങൾക്ക് എതിരായി വരുന്ന രാഷ്ട്രീയാദർശങ്ങളെ ആയുധം കൊണ്ട് ഒതുക്കുന്ന മനുഷ്യത്വരഹിതമായ രാഷ്ട്രീയ നീതി തന്നെയാണ് കല്ലൂരാവി മുണ്ടത്തോട്ടിലും നടന്നത്. പിറക്കാനിരിക്കുന്ന കുഞ്ഞിനെ വരെ അനാഥത്വത്തിലാഴ്ത്തിയ കാട്ടുനീതിയാണ് മുണ്ടത്തോട്ടിൽ നടന്ന രാഷ്ട്രീയ കൊലപാതകം.