ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മൃഗങ്ങളെയും മനുഷ്യരെയും തമ്മിൽ വേർതിരിക്കുന്ന പ്രധാന ഘടകം അവയുടെ തലച്ചോറിന്റെ ഘടനാ രീതിയും, ചിന്താശേഷിയുമാണ്. കാര്യങ്ങൾ വിവേചിച്ചറിയാനുള്ള കഴിവ് തന്നെയാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഇത്തരത്തിലുള്ള വിവേചന ബൂദ്ധി നഷ്ടപ്പെട്ടവരാണ് കല്ലൂരാവിയിൽ ഒരു യുവാവിനെ കുത്തി മലർത്തിയതെന്നതിൽ യാതൊരു സംശയവുമില്ല.
കല്ലൂരാവി കൊലപാതകത്തെ മൃഗീയമെന്ന് വിളിക്കുന്നത് മൃഗങ്ങളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. കാരണം, മൃഗങ്ങൾ സഹജിവിയെ ഇതുവരെ കൊന്നു തിന്നിട്ടില്ല. മൃഗവംശങ്ങൾക്കിടയിലുള്ള സഹജീവി സ്നേഹം പോലും ബുദ്ധിയും തലച്ചോറുമുള്ള മനുഷ്യർക്കില്ലാതെ പോയെന്ന് തന്നെയാണ് കല്ലൂരാവിയിലെ യുവാവിന്റെ കൊലപാതകം വഴി വ്യക്തമായിരിക്കുന്നത്.
മനുഷ്യൻ മനുഷ്യനെ കൊലപ്പെടുത്തുന്നത് പോലെ അശ്ളീലകരമായ കുറ്റകൃ-ത്യം മറ്റൊന്നില്ല. ഏത് നിറത്തിലുള്ള കൊടി പിടിക്കുന്നവർ ചെയ്തതായാലും രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ എതിർക്കപ്പെടേണ്ടതാണ്. അത് കല്ലൂരാവിയിലായാലും, കല്യോട്ടായാലും, തിരുവനന്തപുരത്തായാലും. രാഷ്ട്രീയ എതിരാളികളുടെ നെഞ്ചിലേക്ക് കഠാര പായിക്കുന്നവർ അനാഥമാക്കുന്നത് നിരവധി കുടുംബങ്ങളെയും അവരുടെ സ്വപ്നങ്ങളെയും കൂടിയാണ്.
കല്ലൂരാവി കൊലയെ വെള്ള പൂശി മുഖം രക്ഷിക്കാനായി ഒന്നാം പ്രതിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിലെ വിരലിലെണ്ണാവുന്ന നേതാക്കൾ രംഗത്തുണ്ടെന്നത് ഖേദകരമാണ്. കൊല ചെയ്യപ്പെട്ടവന്റെ കുഴിമാടത്തിലെ പച്ചമണ്ണിന്റെ ഗന്ധം മാറും മുമ്പേ തന്നെയാണ് കൊലയെക്കാൾ ക്രൂരമായ പ്രസ്താവനകളുമായി ചിലർ രംഗത്തു വന്നത്. ഇത്തരം നേതാക്കൾ നിലപാട് മാറ്റാത്തിടത്തോളം കാലം കാഞ്ഞങ്ങാട്ടെ സ്ഥിതി ശാന്തമാകുമെന്നും പ്രതീക്ഷിക്കേണ്ടതില്ല.
ന്യൂനപക്ഷ ,മുദായത്തിന്റെ സംരക്ഷണത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തവരെന്ന് പ്രഖ്യപിച്ച രാഷ്ട്രീയ ക്കക്ഷിയുടെ പ്രവർത്തകരാണ് അതേ സമുദായത്തിൽപ്പെട്ട ഒരു യുവാവിന്റെ കുടുംബത്തെ അനാഥമാക്കിയതെന്നത് ഏറ്റവും വലിയ ക്രൂര ഫലിതമാണ്. പിറക്കാനിരിക്കുന്ന കുഞ്ഞിനെയും അതിന്റെ മാതാവിനെയും ഒറ്റയടിക്ക് അനാഥരാക്കിയാണ് കല്ലൂരാവിയിൽ രാഷ്ട്രീയത്തിലെ കാടൻ നീതി നടപ്പിലാക്കിയതെന്ന് കൊല നടത്തിയവരുടെ പ്രസ്ഥാനം ഒാർക്കുമെങ്കിൽ നന്ന്.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളീയരാണ് രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ പരസ്പരം കൊന്നൊടുക്കുന്നതെന്നത് ലജ്ജാകരമായ വസ്തുതയാണ്. കേരളീയ സമൂഹം ആർജ്ജിച്ച വിദ്യാഭ്യാസം കുടത്തിന് പുറത്തൊഴിച്ച വെള്ളം പോലെ നിഷ്ഫലമാണെന്ന് തന്നെ വേണം കരുതാൻ യാതൊരു സങ്കോചവുമില്ലാതെ അപരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന രാഷ്ട്രീയ കാടത്തം ഇനിയെങ്കിലും തുടരണമോയെന്ന് ചിന്തിക്കേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളാണ്.
വിവിധ മതങ്ങളുടെ നേതാക്കന്മാരും ആചാര്യന്മാരും മത ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് മാനുഷിക മൂല്യങ്ങളെക്കുറിച്ച് ധാരാളം ഉദ്ബോധനങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ഏറെയും സഹജീവി സ്നേഹത്തെക്കുറിച്ച് തന്നെയാണെന്നതാണ് രസകരമായ വസ്തുത. പക്ഷേ. ഈ ഉദ്ബോധനങ്ങൾ മുഴുവൻ ബധിര കർണങ്ങളിലാണ് പതിച്ചിരിക്കുന്നതെന്ന് വേണം കരുതാൻ. പരസ്പരം കുത്തി മലർത്താൻ കൊല ക്കത്തികൾ രാകി മിനുക്കുന്നവരോട് അരുത് കട്ടാളാ എന്ന് മാത്രമേ പറയാൻ കഴിയൂ.