കല്ലൂരാവി കൊലക്കേസ്സിൽ ഒന്നാം പ്രതി റിമാന്റിൽ 2 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കാഞ്ഞങ്ങാട്: കല്ലൂരാവി കൊലക്കേസ്സിൽ അറസ്റ്റിലായ 2 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസ്സിൽ ഒന്നാം പ്രതിയായ യൂത്ത് ലീഗ് നേതാവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കൊലക്കേസ്സിലെ 3 പ്രതികളും പിടിയിലായി.

മുസ്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി സിക്രട്ടറിയും കല്ലൂരാവിയിലെ ഇബ്രാഹിമിന്റെ മകനുമായ പി. എം. ഇർഷാദ് 27, യൂത്ത് ലീഗ് പ്രവർത്തകരായ മുണ്ടത്തോട് തലയില്ലത്ത് ഹസ്സൻ, മുണ്ടത്തോട് ഉസ്മാന്റെ മകൻ ഹാഷിർ 23, എന്നിവരെയാണ് ഔഫ് അബ്ദുറഹ്മാൻ വധക്കേസ്സിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസ്സിന്റെ ചുമതലയുള്ള ചീമേനി പോലീസ് ഇൻസ്പെക്ടർ ഏ. അനിൽകുമാറാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അക്രമത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലായ ഇർഷാദിന്റെ അറസ്റ്റ് പോലീസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. മറ്റ് 2 പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി ഇർഷാദ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് കാവലിൽ ചികിൽസയിലാണ്. കോടതി റിമാന്റ് ചെയ്ത പ്രതിയെ ചികിൽസ കഴിഞ്ഞാലുടൻ ജയിലിലേക്ക് മാറ്റും. കല്ലൂരാവി കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് കാസർകോട് പോലീസ് മേധാവി, ഡി. ശിൽപ്പ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകത്തിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കാൻ ധാരണയായിട്ടുണ്ട്.  കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനകളടക്കമുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിൽ വരും. കൊലപാതകം നടന്ന മുണ്ടത്തോടിന് സമീപത്തുള്ള നാല് വീടുകളിൽ നേരത്തെ തന്നെ ലൈറ്റുകൾ ഓഫാക്കിയിരുന്നതായി പരിസരവാസികൾ വ്യക്തമാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാകം നടത്തിയതെന്നതിന്റെ സൂചനയാണിത്.

ഇർഷാദ് ഔഫിനെ കഴുത്തിൽ പിടിച്ചു നിർത്തിയത് നേരിൽക്കണ്ട ദൃക്സാക്ഷിയുടെ മൊഴിയിലാണ് ഇർഷാദിനും കൂട്ടാളികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ്സിലെ ഒന്നാംപ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദിന് കുത്തേറ്റിരുന്നതായി വ്യാപകമായി പ്രചാരണമുണ്ടായിരുന്നെങ്കിലും, പിന്നീട് അത് അടിസ്ഥാനരഹിതമാണെന്ന് തളിഞ്ഞു. പിടിവലിക്കിടെയുണ്ടായ നിസ്സാര പരിക്കുകൾ മാത്രമാണ് ഇർഷാദിനുണ്ടായിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.

LatestDaily

Read Previous

സുഗതകുമാരി

Read Next

മുഖ്യമന്ത്രിയുടെ ആഗമനം രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നു