ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കല്ലൂരാവി മുണ്ടത്തോട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാന്റെ കൊലയിലേക്ക് നയിച്ചത് പോലീസിന്റെ നിഷ്ക്രിയത്വമെന്ന് ആരോപണം. എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞും, ലീഗ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരിൽ വീട്ടിൽ കയറി അക്രമം നടത്തിയതുമടക്കമുള്ള ലീഗ് പ്രവർത്തകരുടെ അക്രമ പരമ്പരകളെ നിസ്സാരവത്കരിച്ചതാണ് നിരപരാധിയായ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
കല്ലൂരാവിയിൽ തുടർച്ചയായി നടന്ന ആക്രമങ്ങളെ പോലീസ് ഗൗരവമായി എടുത്തില്ലെന്നാണ് വിവിധ കോണുകളിൽ നിന്നും ആരോപണമുയരുന്നത്. ലീഗ് പ്രവർത്തകർ പ്രതിയാകുന്ന കേസുകളിൽ ഹൊസ്ദുർഗ് പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ മുതൽ ആരോപണമുണ്ട്. അടുത്തയിടെ കാഞ്ഞങ്ങാട്ടെ വ്യാപാരിയായ യുവാവിന്റെ കാൽ ലീഗ് പ്രവർത്തകർ തല്ലിയൊടിച്ചിരുന്നു. ഈ കേസിൽ പ്രതികളുടെ അറസ്റ്റ് ഹൊസ്ദുർഗ് പോലീസ് നീട്ടിക്കൊണ്ടു പോയത് ലീഗിനെ പ്രീണിപ്പിക്കാനാണെന്നും ആക്ഷേപമുയർന്നിരുന്നു.
ഹൊസ്ദുർഗ് പോലീസ് മുസ്്ലീം ലീഗിനോട് കാണിക്കുന്ന പക്ഷപാതിത്വം പല കേസുകളിലും പ്രകടമാണെന്നാണ് മറ്റൊരാരോപണം. പോലീസിന്റെ ഈ പക്ഷപാതിത്വം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണെന്നും, ആരോപണമുണ്ട്. ലീഗ് പ്രവർത്തകരുടെ ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിൽ അടുത്ത കാലത്തൊന്നും നടക്കാത്ത തരത്തിലുള്ള കൊലപാതകമാണ് കല്ലൂരാവി മുണ്ടത്തോട്ടിൽ നടന്നത്.
തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തകർ നടത്തുന്ന തരത്തിൽ ഒറ്റക്കുത്തിനാണ് യൂത്ത് ലീഗ് നേതാവായ ഇർഷാദ് ഔഫ് അബ്ദുൾ റഹ്മാന്റെ ജീവനെടുത്തത്. ഈ കൊലപാതക രീതി സാധാരണ ഗതികൾ ആർഎസ്എസ്, എസ്ഡിപിഐ മുതലായ സംഘടനകൾ പിന്തുടരുന്നതാണ്. കൊലപാതക രീതിയിൽ നിന്ന് വ്യക്തമാകുന്നത് കൊല പെട്ടെന്നുണ്ടായ പ്രകോപനത്തിൽ നിന്നുണ്ടായതല്ല എന്നു തന്നെയാണ്. നെഞ്ചത്തേറ്റ ഒറ്റക്കുത്താണ് ഔഫിന്റെ ജീവനെടുത്തത് എന്നതിനാൽ ഇദ്ദേഹത്തെ തീർത്തു കളയാൻ യൂത്ത് ലീഗ് നേതാവ് തീരുമാനിച്ചുറച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്.
മുനിസിപ്പൽ യൂത്ത് ലീഗ് സിക്രട്ടറിയായ കല്ലൂരാവിയിലെ സി. എം. ഇർഷാദാണ് ഔഫ് കൊലക്കേസിൽ ഒന്നാം പ്രതി. കൊലക്കേസ് പ്രതിയായ ഇർഷാദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സംസഥാന യൂത്ത് ലീഗ് നേതൃത്വം കൈ കഴുകിയിട്ടുണ്ടെങ്കിലും, ലീഗിന് കാഞ്ഞങ്ങാട്ടെ ആക്രമ പരമ്പരകളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല ലീഗിന് വോട്ട് ചെയ്യാത്തതിന്റെ പേരിൽ കല്ലൂരാവി തണ്ടുമ്മലിലെ കുടുംബത്തെ ആക്രമിച്ച ലീഗ് പ്രവർത്തകർക്കെതിരെ ലീഗ് നേതൃത്വം ചെറുവിരൽ പോലും അനക്കിയിരുന്നില്ല. എന്ത് ചെയ്താലും നേതാക്കൾ സംരക്ഷിക്കുമെന്ന പ്രതീക്ഷയും അനുഭവവുമാണ് കാഞ്ഞങ്ങാട്ടെ ലീഗ് ആക്രമ പരമ്പരകൾക്ക് കാരണമായത്.
അക്രമങ്ങളെ മുഖം നോക്കാതെ അടിച്ചമർത്തുന്നതിൽ ഹൊസ്ദുർഗ് പോലീസ് കാണിച്ച വിമുഖതയാണ് കൊലപാതകം വരെയെത്തിച്ച ആക്രമ പരമ്പരകൾക്ക് കാരണം. പാർട്ടിക്കുള്ളിൽ ക്രിമിനലിസം വളരുന്നത് തിരിച്ചറിയാൻ ലീഗ് നേതൃത്വവും വൈകി. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കണമെങ്കിൽ പോലീസിന്റെ ശക്തമായ ഇടപെടൽ തന്നെ വേണ്ടി വരും.