കോവിഡ് വ്യാപനത്തിനിടെ വെല്ലുവിളിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് അധികാരികൾ മുഖം തിരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്  നഗരസഭയിൽ കോവിഡ്  വ്യാപനം രൂക്ഷമായിരിക്കെ കടുത്ത നിയന്ത്രണവും ലോക്ഡൗണും വക വെക്കാതെ 37–ാം വാർഡ് കല്ലൂരാവി ബാവ നഗറിൽ ഫുട്ബോൾ ടൂർണ്ണമെന്റ്. കടുത്ത നിയന്ത്രണവും ലോക്ഡൗണുമുള്ള ശനിയാഴ്ചയാണ് ബാവനഗർ 37–ാം വാർഡിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ആറങ്ങാടി സ്വദേശിനിയുടെ ഉടമസ്ഥയിൽ ബാവനഗറിലുള്ള ഒഴിഞ്ഞ സ്ഥത്താണ് ശനിയാഴ്ച വൈകീട്ട് ഫുട്ബോൾ ടൂർണ്ണമെന്റ് നടന്നത്.

37–ാം വാർഡിൽ ചുമതലുള്ള സെക്ടർ മജിസ്ട്രേറ്റിന്റെ മൂക്കിന് താഴെ നടന്ന ഫുട്ബോൾ ടൂർണ്ണമെന്റിനെ ക്കുറിച്ച് ശനിയാഴ്ചത്തെ സംഭവത്തിന്റെ വീഡിയോ ഉൾപ്പെടെ കലക്ടർക്ക് പരാതി വൽകിയെങ്കിലും,  കലക്ടറുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മണിക്കൂറുകൾ നീണ്ടു നിന്ന ഫുട്ബോൾ മാമാങ്കത്തെ കുറിച്ച് ഹൊസ്ദുർഗ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായെങ്കിലും പോലീസ് തിരിഞ്ഞു നോക്കിയില്ല.

ജനപ്രതിനിധിയും അധ്യാപകരും അംഗങ്ങളായ ക്ലബ്ബിന്റെ പ്രവർത്തകരാണ് ഫുട്ബോൾ മത്സരത്തിലേർപ്പെട്ടതെന്നാണ് വിവരം.  മാസ്ക് ധരിക്കാതെ 30 ലേറെ പേർ പങ്കെടുത്ത ഫുട്ബോൾ മത്സരമാണ് ശനിയാഴ്ച ബാവനഗറിൽ നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്ന  മുനിസിപ്പാലിറ്റികളിൽ ഒന്നാണ് കാഞ്ഞങ്ങാട്.

ആഴ്ചയിൽ ഒരു തവണ മാത്രം കടകൾ തുറന്നും, ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയും ജനങ്ങളെ പുറത്തിറങ്ങാതെ വീട്ടിലിരുത്തുമ്പോഴാണ് കോവിഡ് വ്യാപനത്തിനിടയാക്കി നിയമത്തെ വെല്ലുവിളിച്ച് 37–ാം വാർഡിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിനിടെ ബാവനഗറിൽ ഗോട്ടി കളിയിലേർപ്പെട്ട ജനപ്രതിനിധിയെയും മറ്റും പിടികൂടിയ പോലീസ് പിന്നീട് ഇവരെ വിട്ടയച്ച വിവാദം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നതിനിടെയാണ് ഇതേ നഗരസഭാ വാർഡിൽ ഫുട്ബോൾ മത്സരവിവാദം.

LatestDaily

Read Previous

ഭർതൃമതി വീടുവിട്ടത് ഫേസ്ബുക്ക് കാമുകനൊപ്പം

Read Next

ഏഴ് പേരുടെ മരണത്തിനിടയാക്കിയ കർണ്ണാടക ബസ്സിന് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല