തീരദേശത്ത് വിവാഹ വിവാദം

കാഞ്ഞങ്ങാട്: തീരദേശത്തെ സിപിഎം അനുഭാവിയുടെ വീട്ടിലെത്തിയ പോലീസും സെക്ടർ മജിസ്ട്രേറ്റും വിവാഹം തടയാൻ ശ്രമിക്കുകയും ഭക്ഷണം കുഴിച്ചുമൂടാൻ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും, ഇതേ പ്രദേശത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ വീട്ടുകാർക്കെതിരെ നടപടി സ്വീകരിക്കാനെത്തിയില്ലെന്ന് പരാതി. കല്ലൂരാവി ബാവനഗറിൽ സിപിഎം അനുഭാവിയുടെ ബന്ധുവായ പെൺകുട്ടിയുടെ വിവാഹം അലങ്കോലപ്പെടുത്താൻ പ്രദേശത്തെ ഒരുസംഘം ശ്രമം നടത്തിയിരുന്നു.

കോവിഡ് മാനദണ്ഡം പാലിച്ച് മുൻകൂർ അനുമതി വാങ്ങി നടന്ന വിവാഹം അലങ്കോലമാക്കാൻ രാഷ്ട്രീയ വിരോധം മൂലം ചില ലീഗ് പ്രവർത്തകരാണ് ശ്രമിച്ചതെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. ഹൊസ്ദുർഗിൽ നിന്നും പോലീസ് വിവാഹ വീട്ടിൽ പറന്നെത്തി വിവാഹം തടയാൻ ശ്രമിച്ചതായും, ഭക്ഷണം കുഴിച്ചുമൂടാനാവശ്യപ്പെട്ടുവെന്നുമാണ് പരാതി.  പോലീസെത്തുമ്പോൾ ഇരുപതിൽ താഴെ പേർ മാത്രമെ വിവാഹ വീട്ടിലുണ്ടായിരുന്നുള്ളു. പാചക പാത്രത്തിൽ കൂടുതൽ ഭക്ഷണമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് ഭക്ഷണം  നശിപ്പിക്കാൻ ആവശ്യപ്പെട്ടത്.

ചില ലീഗ് കേന്ദ്രങ്ങൾ  തെറ്റിദ്ധരിപ്പിച്ചാണ് പോലീസിനെയും സെക്ടർ മജിസ്ട്രേറ്റിനേയുമടക്കം ബാവനഗറിലെത്തിച്ചതെന്നാണ് ആക്ഷേപം. കോവിഡ് പെരുമാറ്റച്ചട്ട  ലംഘനമില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടും, പോലീസ് പ്രകോപനമുണ്ടാക്കിയതിനെ തുടർന്ന് പ്രശ്നത്തിൽ  ഡിവൈഎഫ്ഐ ജില്ലാ നേതാക്കളും സിപിഎം നേതൃത്വവും ഇടപെട്ടതോടെ പോലീസ് മടങ്ങുകയായിരുന്നു. ബാവനഗറിലുണ്ടായ ഈ സംഭവത്തിനുശേഷം തീരദേശത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹങ്ങൾ നടന്നുവെങ്കിലും, സെക്ടർ മജിസ്ട്രേറ്റും പോലീസും ഈ വഴിക്കെത്തിയില്ലെന്ന് ഒരു വിഭാഗം നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

LatestDaily

Read Previous

അജാനൂർലോക്ക് ഡൗൺ അശാസ്ത്രീയമെന്ന് വ്യാപാരികൾ

Read Next

ജില്ലാ ആശുപത്രി കാത്ത് ലാബ് യന്ത്രങ്ങൾ തുരുമ്പിക്കുന്നു