ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: പിലിക്കോട് മടിവയലിൽ 65 കാരനെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്സിൽ ഭാര്യയെ ഒന്നാം പ്രതിയാക്കി ചന്തേര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ പുലർച്ചെയാണ് മടിവയലിൽ പത്താനത്ത് കുഞ്ഞമ്പുവിനെ ഭാര്യ വെമ്പിരിയൻ ജാനകിയുടെ ഒത്താശയോടെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്. ജാനകിയുടെ സഹോദരീപുത്രനും പയ്യന്നൂർ അന്നൂർ പടിഞ്ഞാറേക്കരയിലെ ബാലകൃഷ്ണന്റെ മകനുമായ വി. രാജേഷാണ് 34, മാതൃസഹോദരീ ഭർത്താവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്.
ജാനകിയുടെ ബന്ധുവും പയ്യന്നൂർ കണ്ടങ്കാളിയിലെ ആനന്ദന്റെ മകനുമായ വി. അനിലും 39, കൊലപാതകത്തിൽ പങ്കാളിയായി. കിടപ്പിലായ ഭർത്താവ് നിരന്തരം തെറിവിളിച്ച് ശല്യപ്പെടുത്തുന്നതിൽ കുപിതയായ ജാനകി കൊലപാതകം ആസൂത്രണം ചെയ്ത് ബന്ധുക്കളുടെ സഹായം തേടുകയായിരുന്നു. ജൂലൈ 21–ന് അർധരാത്രിയോടെയാണ് കുഞ്ഞമ്പുവിന്റെ കൊല നടന്നത്.
രാജേഷ്, കുഞ്ഞമ്പുവിന്റെ കഴുത്ത് ഞെരിക്കുകയും, അനിൽ കാലുകൾ ബലമായി പിടിച്ച് കൊലപാതകത്തിന് സഹായിക്കുകയുമായിരുന്നു. ഭർത്താവിന്റെ മരണം ഉറപ്പാക്കിയ ജാനകി ആദ്യം ഫോണിൽ വിളിച്ച് വിവരമറിയിച്ചത് ഭർതൃസഹോദരി ലക്ഷ്മിയെയാണ്. കുഞ്ഞമ്പു കട്ടിലിൽ നിന്നും വീണ് അബോധാവസ്ഥയിലായെന്നാണ് ജാനകി പറഞ്ഞത്.
ലക്ഷ്മി ഉടൻ തന്നെ വിവരം കുഞ്ഞമ്പുവിന്റെ അയൽക്കാരിയെ അറിയിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് കുഞ്ഞമ്പുവിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. കഴുത്തിലെ പാടുകളും, ദേഹത്തെ ചോരപ്പാടുകളും കണ്ടതിനെത്തുടർന്നാണ് നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ ചന്തേര എസ്ഐ, എം. വി. ശ്രീദാസ്, അഡീഷണൽ എസ്ഐ, ടി.വി പ്രസന്നൻ എന്നിവരടങ്ങുന്ന സംഘം 3 പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു.
പയ്യന്നൂരിലുള്ള ബാറിന് സമീപത്തുനിന്നാണ് കേസിലെ രണ്ടാം പ്രതി വി. രാജേഷിനെയും, മൂന്നാം പ്രതിയായ അനിലിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയായ രാജേഷ് ഒാട്ടോ ഡ്രൈവറും, മൂന്നാം പ്രതി അനിൽ തേപ്പ് തൊഴിലാളിയുമാണ്. കുഞ്ഞമ്പുവിന്റെ ജഢം ആശുപത്രിയിലെത്തിച്ചയുടനെ ഇവർ സ്ഥലത്തു നിന്നും മുങ്ങിയത് കേസന്വേഷണം ഇവരിലേക്ക് നീളാൻ കാരണമായി. പിലിക്കോട് കണ്ണങ്കൈ പത്താനത്ത് തറവാട്ടിൽ വിളക്ക് വെക്കാൻ ചുമതലയുള്ള പത്താനത്ത് കുഞ്ഞമ്പു 3 മാസം മുമ്പാണ് ശരീരം തളർന്ന് കിടപ്പിലായത്.
കൊലപാതകം നടന്ന വീട്ടിൽ ഇന്നലെ ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.