കടുമേനി കൊലക്കേസ്സിൽ ഭാര്യയേയും മക്കളേയും കാമുകൻമാരെയും തെളിവെടുപ്പിനെത്തിച്ചു

കാഞ്ഞങ്ങാട്: ചിറ്റാരിക്കാൽ കടുമേനിയിൽ 49 കാരനെ കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ റിമാന്റിൽ കഴിയുന്ന ഭാര്യയേയും, രണ്ട് പെൺമക്കളെയും ഇവരുടെ കാമുകൻമാരായ യുവാക്കളെയും പോലീസ് തെളിവെടുപ്പിന് വിധേയമാക്കി.

കടുമേനി സർക്കാരി കോളനിയിലെ പി. എം. രാമകൃഷ്ണനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളായ രാമകൃഷ്ണന്റെ ഭാര്യ കടുമേനി സർക്കാരി കോളനിയിലെ തമ്പായി 40, മകൾ രാധിക 19, 14 വയസ്സുകാരിയായ മറ്റൊരു മകൾ, സർക്കാരി കോളനിയിലെ സനൽ 19, മഹേഷ് 19, പതിനഞ്ച് വയസ്സുകാരനായ പ്രതി എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം കൊലപാതകം നടന്ന സർക്കാരി കോളനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പരവനടുക്കം ജുവനൈൽ ഹോമിൽ നിന്നും രണ്ട് പ്രതികളെയും, നാല് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുമാണ് ചിറ്റാരിക്കാലിലെത്തിച്ചത്. കേസ്സന്വേഷണ ഉദ്യോഗസ്ഥൻ ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോട് കൂടിയാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. പ്രതികൾ ആറ് പേരും ചേർന്ന് സർക്കാരി കോളനിയിലെ വീട്ടിൽ രാത്രി കിടന്നുറങ്ങുകയായിരുന്ന രാമകൃഷ്ണനെ കൊലപ്പെടുത്തിയ രീതി പോലീസിന് മുന്നിൽ പുനരാവിഷ്ക്കരിച്ചു.

ഉറങ്ങുകയായിരുന്ന രാമകൃഷ്ണന്റെ കഴുത്തിൽ സാരി ഉപയോഗിച്ച് കുരുക്കിട്ട ശേഷം ശക്തമായി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഉറപ്പാക്കിയ പ്രതികൾ രാമകൃഷ്ണന്റെ കഴുത്ത് ഒരു വശത്തേക്ക് തിരിച്ചൊടിച്ചായിരുന്നു മടങ്ങിയത്.

രാമകൃഷ്ണന്റെ പെൺമക്കളുമായി മഹേഷിനും, സനിലിനുമുണ്ടായിരുന്ന അവിഹിത ബന്ധം പിതാവ് എതിർത്തതിനെ തുടർന്നാണ് ഭാര്യ തമ്പായി ഉൾപ്പെടെ ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തത്. ജുവനൈൽ ഹോമിലുള്ള 14 കാരി പ്രതികളിൽ ഒരാളുടെ പീഡനത്തിനിരയായി 4 മാസം ഗർഭിണിയാണ്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് വീണ്ടും റിമാന്റ് ചെയ്തു.

LatestDaily

Read Previous

തെരഞ്ഞെടുപ്പ് അക്രമം: 3 കേസ്സുകൾ രജിസ്റ്റർ ചെയ്തു

Read Next

വിസ വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു