കെ എം ബഷീറിന്‍റെ കൊലപാതകം; കോടതി വിധി പ്രതിഷേധാർഹമെന്ന് കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ മനപ്പൂർവമുള്ള നരഹത്യാ കുറ്റത്തിൽ നിന്ന് വിമുക്തനാക്കിയ കോടതി വിധിയെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. മനപ്പൂർവമുള്ള നരഹത്യക്കുറ്റം ഒഴിവാക്കി അശ്രദ്ധമായ നരഹത്യാ കുറ്റം മാത്രമാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ തീരുമാനം അങ്ങേയറ്റം അപലപനീയവും നീതി നിഷേധവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.

ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്ന് യൂണിയൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലെന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. അപകടം നടന്ന് 18 മണിക്കൂറിന് ശേഷമാണ് രക്തപരിശോധന നടത്തിയത്. ആശുപത്രിയിലെത്തിയ ശ്രീറാം രക്തപരിശോധനയ്ക്ക് തയ്യാറായില്ലെന്നതുൾപ്പെടെയുള്ള സാക്ഷികളുടെ മൊഴികൾ പരിഗണിക്കാതെയാണ് കോടതി തീരുമാനമെടുത്തത്.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും അപകടം നടന്ന ദിവസം മുതൽ പൊലീസും ഐ.എ.എസ് ലോബിയും ശ്രമിച്ചതിന്‍റെ തെളിവുകൾ കോടതി പരിഗണിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി മനഃപൂർവമായ നരഹത്യാ കുറ്റം ചുമത്താൻ തയ്യാറാകണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

K editor

Read Previous

ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Read Next

പുലിസ്റ്റര്‍ ജേതാവ് സന്ന ഇര്‍ഷാദ് മാട്ടൂവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതായി പരാതി