ജോഷിമഠ് പ്രതിഭാസം; പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചു

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിൽ വീടുകൾ വിണ്ടുകീറുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്യുന്ന പ്രതിഭാസം ആശങ്കാജനകമായി തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വിഷയത്തിൽ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിലാണ് യോഗം. അതേസമയം, ഈ പ്രതിഭാസം നാട്ടുകാർ ആവർത്തിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്‍റെ രേഖകൾ പുറത്തുവന്നു. പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഹൈഡൽ പദ്ധതിക്കായി നടത്തിയ സ്ഫോടനങ്ങളാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ മാസം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിൽ, പൊതുമേഖലയിലെ ഊര്‍ജ്ജോത്പാദന കമ്പനിയായ എന്‍.ടി.പി.സിയുടെ ജലവൈദ്യുത പദ്ധതി നിർമാണത്തിന്‍റെ ഭാഗമായ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് അനുരണനങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മൂന്ന് തവണയാണ് ഇത്തരം കത്തുകൾ മുഖ്യമന്ത്രിക്ക് എഴുതിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

പദ്ധതി പ്രദേശത്തെ നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഫോടനങ്ങളെ തുടർന്ന് ഭൂചലനമുണ്ടായിരുന്നു. വീടുകളിലും റോഡുകളിലും വിള്ളലുകളുണ്ടായതായി പരാതിയിൽ പറയുന്നു. അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

K editor

Read Previous

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തീയതി പുറത്ത്

Read Next

ദേശീയ കാറോട്ട മത്സരത്തിനിടെ അപകടം; റേസര്‍ കെ.ഇ. കുമാര്‍ അന്തരിച്ചു