കവർച്ചാ ശ്രമത്തിനിടെ ജാർഖണ്ഡ് നടി റിയ വെടിയേറ്റ് കൊല്ലപ്പെട്ടു

ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഹൗറയിലാണ് നടി കൊല്ലപ്പെട്ടത്. ദേശീയ പാതയിൽ കവർച്ചാ ശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്. കുടുംബസമേതം കൊൽക്കത്തയിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു സംഭവം. റിയ കുമാരിയും ഭർത്താവും നിർമ്മാതാവുമായ പ്രകാശ് കുമാറും അവരുടെ രണ്ട് വയസുള്ള മകളും കാറിലുണ്ടായിരുന്നു.

വിശ്രമിക്കാനായി മഹിഷ്രേഖ പ്രദേശത്ത് കാർ നിർത്തി പുറത്തേക്ക് വരുമ്പോഴാണ് മൂന്നംഗ സംഘം കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് ഭർത്താവ് പറഞ്ഞു. പ്രകാശ് കുമാർ ആക്രമിക്കപ്പെടുന്നത് കണ്ട റിയ തടയാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. റിയയ്ക്ക് വെടിയേറ്റതോടെ സംഘം ഓടി രക്ഷപ്പെട്ടു. പരിക്കേറ്റിട്ടും സഹായം അഭ്യർത്ഥിച്ച് പ്രകാശ് മൂന്ന് കിലോമീറ്ററോളം വണ്ടിയോടിച്ചു. ഒടുവിൽ നാട്ടുകാർ എത്തി റിയയെ എസ്‌സിസി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചു.

എന്നാൽ, ആശുപത്രിയിലെത്തിയപ്പോൾ തന്നെ റിയ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും റിയയുടെ ഭർത്താവിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കാർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് വിശദീകരിച്ചു.

Read Previous

ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം വീഴ്ച്ച വരുത്തിയെന്ന് കോൺഗ്രസ്

Read Next

രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകമെന്ന് ആരോ​ഗ്യമന്ത്രാലയം