ജയലളിതയുടെ മരണം; തോഴി ശശികലയെ വിമർശിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ തോഴി വി.കെ ശശികലയെ കുറ്റപ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ 2016 ഡിസംബറിലാണ് ജയലളിത മരിച്ചത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ കമ്മീഷന്‍ നിലപാടെടുത്തു.

മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ അറുമുഖസ്വാമി നേതൃത്വം നല്‍കിയ ഏകാംഗ കമ്മീഷനാണ് ജയലളിതയുടെ മരണം സംബന്ധിച്ച വിവാദങ്ങള്‍ പരിശോധിച്ചത്. ഒട്ടേറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ട പശ്ചാത്തലത്തില്‍ 2017ലാണ് അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.

2021 ഡിഎംകെ അധികാരത്തിലെത്തിയ വേളയില്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇന്ന് റിപ്പോര്‍ട്ട് തമിഴ്‌നാട് നിയമസഭയിൽ പങ്കുവച്ചു. ജയലളിത മരിക്കുന്ന വേളയില്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമ മോഹന റാവുവിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ പ്രവര്‍ത്തനമുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ആരോഗ്യ മന്ത്രി വിജയ ഭാസ്‌കര്‍, അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി എന്നിവരുടെ ഭാഗത്തും വീഴ്ചയുണ്ടായി. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ഇവര്‍ കൈമാറിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

K editor

Read Previous

സര്‍ക്കാര്‍ ഓഫീസുകളിലെ സോഫ്റ്റ്‍വെയര്‍ തകരാറിന് പരിഹാരം

Read Next

‘തൂത്തുക്കുടി വെടിവയ്പ്പിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച’; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ