ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശം; പരാതി കേരള ഡിജിപിക്ക് കൈമാറിയെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീലിന്‍റെ വിവാദ ‘ആസാദ് കശ്മീർ’ പരാമർശത്തിനെതിരായ പരാതി കേരള ഡിജിപിക്ക് കൈമാറിയെന്ന് ഡൽഹി പോലീസിന്‍റെ സൈബർ ക്രൈം വിഭാഗം. റോസ് അവന്യൂ കോടതിയിൽ ഈക്കാര്യം കാട്ടി റിപ്പോർട്ട് സമർപ്പിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള കേരളത്തിലെ കോടതി ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇല്ലെന്ന് ഹർജിക്കാരനായ ജി എസ് മണിയും ജലീലിന്റെ അഭിഭാഷകനും മറുപടി നൽകി. അടുത്ത മാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കെ ടി ജലീലിനെതിരെ ഹർജി ഫയല്‍ ചെയ്തിരുന്നത്. ജലീലിനെതിരെ അഡ്വക്കേറ്റ് ജി എസ് മണിയാണ് ഹർജി നൽകിയത്. ‘ഇന്ത്യ അധീന കശ്മീർ’, ‘ആസാദ് കശ്മീർ’ എന്നീ പരാമർശങ്ങളുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസും ജലീലിനെതിരെ കേസെടുത്തിരുന്നു. കലാപാഹ്വാന ലക്ഷ്യത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സെക്ഷൻ 53 ബി പ്രകാരമാണ് ഈ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കാൻ കെ ടി ജലീൽ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹൻ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. 

Read Previous

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസ്

Read Next

സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും; പേര് അംഗീകരിച്ചത് ഏകകണ്ഠമായി