വ്യാജ പ്രചാരണം : ലീഗ് നേതാവിനെതിരെ കേസ്

ഉദുമ: സമൂഹ മാധ്യമങ്ങൾ  വഴി  വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ  ലീഗ്  നേതാവിനെതിരെ  പോലീസ്  കേസ്. തുരുത്തിയിലെ ഐ.എൻ.എൽ. പ്രവർത്തകനും , ഐ എം സി സി നേതാവുമായ ഹനീഫ്  തുരുത്തിയാണ് പരാതിക്കാരൻ. ഷാർജ ഐഎം സി സി പ്രസിഡന്റും  സന്നദ്ധ പ്രവർത്തകനും, പ്രവാസി വ്യവസായി യുമായ ഹനീഫ് തുരുത്തിക്കെതിരെ ലീഗ് പ്രാദേശിക നേതാവായ മാണിക്കോത്ത്  മുല്ലക്കോയ തങ്ങളാണ് വ്യാജ പ്രചാരണം നടത്തിയത്. രണ്ടാഴ്ച്ച മുമ്പാണ് ഹനീഫ് തുരുത്തി വന്ദേഭാരത് മിഷൻ വഴി ഗൾഫിൽ  നിന്നും  നാട്ടിലെത്തിയത്.

ക്വാറന്റൈനിൽ കഴിയുന്ന സ്വകാര്യ ലോഡ്ജിലെ സൗകര്യങ്ങളെ  പ്രകീർത്തിച്ച് ഇദ്ദേഹം സമൂഹ  മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ്  പ്രദേശിക നേതാവായ മാണിക്കോത്ത് മുല്ലക്കോയ തങ്ങൾ ഹനീഫ തുരുത്തിക്കെതിരെയും , സർക്കാറിനെതിരെയും , ശബ്ദ സന്ദേശം പുറത്തിറക്കിയത്. ഹനീഫ് തുരുത്തിക്ക് ഭരണ സ്വാധീനം വഴി മികച്ച സൗകര്യങ്ങൾ ലഭിച്ചതായും , അതേ ഫ്ലൈറ്റിൽ വന്ന സാധാരണക്കാർക്ക് വൃത്തിഹീനമായ ക്വാറന്റൈൻ സൗകര്യം നൽകിയതായും മുല്ലക്കോയ തങ്ങൾ സന്ദേശം പ്രചരിപ്പിച്ചു. ഹനീഫ് തുരുത്തിക്കൊപ്പം ഗൾഫിൽ നിന്നും തിരിച്ചെത്തിയ പതിനഞ്ചോളം  പേർ അദ്ദേഹം  താമസിക്കുന്ന അതേ ലോഡ്ജിൽത്തന്നെയാണ് ക്വാറന്റൈനിൽ കഴിയുന്നത്.  ഇത് മറച്ചു വെച്ചാണ്  മുല്ലക്കോയ തങ്ങൾ സർക്കാറിനെതിരെയും , ഹനീഫ് തുരുത്തിക്കെതിരെയും കള്ളം പ്രചരിപ്പിച്ചത്.

ഹനീഫ് തുരുത്തി ഗൾഫിൽ നിന്നുള്ള യാത്രാനുമതിയും, സർക്കാർ നൽകിയ ക്വാറന്റൈൻ സൗകര്യവും അനർഹമായ രീതിയിൽ തട്ടിയെടുത്തെന്നാണ്  മാണിക്കോത്ത്  മുല്ലക്കോയ തങ്ങൾ പ്രചാരണം നടത്തിയത്. ഈ വിഷയം ചൂണ്ടിക്കാട്ടി ഹനീഫ് തുരുത്തി ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പി, ബേക്കൽ പോലീസ് ഇൻസ്പെക്ടർ എന്നിവർക്ക്  പരാതി കൊടുത്തിരുന്നു. പ്രസ്തുത പരാതിയിലാണ് ലീഗ്  പ്രാദേശിക നേതാവായ മാണിക്കോത്ത്  മുല്ലക്കോയ തങ്ങൾക്കെതിരെ  കാസർകോട് ടൗൺ പോലീസ് കേസെടുത്തത്.

LatestDaily

Read Previous

വാക്കുതർക്കം: പോലീസ് ഉദ്യോഗസ്ഥൻ വീട്ടമ്മയെ മർദ്ദിച്ചു

Read Next

മലബാർ ഗോൾഡ് മാനേജർ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു