ഇട്ടമ്മൽ പൊയ്യക്കര റോഡ് നിർമ്മാണം: കരാറുകാരനെ പുറത്താക്കി മന്ത്രി

കാഞങ്ങാട്: ബി ആർ ഡി സി   ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇട്ടമ്മൽ പൊയ്യക്കര റോഡ് എഗ്രിമെന്റ് കാലാവധി നീട്ടികൊടുത്തിട്ടും നിർമ്മാണം പൂർത്തിയാക്കാത്ത കോൺട്രാക്ടറെ  പ്രവൃത്തിയിൽ നിന്നും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് .

8 കോടി 40 ലക്ഷം രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ച റോഡ് പ്രവൃത്തി 6,34,73,873 രൂപയ്ക്കാണ് കാസർഗോഡ് ഡെൽകോൺ എഞ്ചിനിയറിഗ് പ്രൈവറ്റ് ലിമിറ്റഡ്ടെൻഡർ ഏറ്റെടുത്തത്. 2020 മെയ് 16 –ന് ആരംഭിച്ച് , 2021 ഫെബ്രുവരി 15–ന് നിർമ്മാണം പൂർത്തീകരിക്കാനാണ് കരാർ. 

കോൺട്രാക്ടർ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ തയ്യാറായില്ല. പിഡബ്ളിയുഡി എക്സിക്യുട്ടീവ് എഞ്ചിനീയർ ഇടപ്പെട്ട്, 2021 മെയ് 30 വരെ സമയം നീട്ടി നൽകിയിട്ടും പദ്ധതി പൂർത്തിയാക്കാനോ റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ആരംഭിക്കുന്നതിനോ തയ്യാറായില്ല.  റോഡ് പൂർണമായും തകരുകയുംമഴ ആരംഭിച്ചതോടെ ഇത് വഴിയുളള യാത്ര ദുസഹമായിത്തീരുകയും ചെയ്തു.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ മന്ത്രിക്ക് പരാതി നൽകിയിരുന്നു. സി പി എം കൊളവയൽ ലോക്കൽ കമ്മിറ്റി, ഡിവൈഎഫ്ഐ കൊളവയൽ മേഖല കമ്മറ്റിയും നാട്ടുകാരും മന്ത്രിക്ക് പരാതി   കൊടുത്തു. കരാർ ഏറ്റെടുത്ത കമ്പനിക്ക് വിശദീകരണ നോട്ടീസ് നൽകിയെങ്കിലും  മറുപടി നൽകാനോ നിർത്തിവെച്ച റോഡ് നിർമ്മാണം പുനരാരംഭിക്കാനോ തയ്യാറായില്ല.

പരാതി വ്യാപകമായതോടെ കരാറുകാരനെ ഒഴിവാക്കുന്നതിന് പൊതുമരാമത്ത് തീരുമാനിക്കുകയായിരുന്നു. കരാർ മേഖലയിലെ അസാധാരണ സംഭവമായി നടപടി മാറി.  സർക്കാർ നിർമ്മാണ പ്രവൃത്തികൾ കരാറുകാർ നീട്ടികൊണ്ട് പോയി  എസ്റ്റിമേറ്റ്  റിവൈസ് ചെയ്യുന്ന രീതിയാണ് കരാർ മേഖലയിൽ പതിവായിരുന്നത് .

പൊതുമരാമത്ത് മന്ത്രി  പി എ മുഹമ്മദ് റിയാസിന്റെ  നിർദ്ദേശപ്രകാരംറീടെണ്ടറിനായി പ്രാരംഭ നടപടികൾ സ്വീകരിച്ചു വരുന്നു. റോഡ് നിർമ്മാണത്തിലെ അനാസ്ഥയ്ക്കെതിരെ കൊളവയൽ ജനകീയ കൂട്ടായ്മയ്ക്ക് വേണ്ടി ഷംസുദ്ദീൻ കൊളവയൽ, മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും വിജിലൻസിനും പരാതി നൽകിയിരുന്നു.

LatestDaily

Read Previous

തൃക്കരിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് കണക്കുകൾ അവതരിപ്പിച്ചില്ല; പ്രതിഷേധം

Read Next

വാഹാനപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു