ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : അജാനൂർ ഇട്ടമ്മലിൽ വനപാലകർ പിടികൂടിയ കാൽലക്ഷം രൂപയുടെ ചന്ദനമുട്ടികളുടെ സൂത്രധാരൻ കുടകൻ അബൂബക്കർ 47, കാഞ്ഞങ്ങാട് പരിസരങ്ങളിൽ നിന്ന് രാത്രി കാലത്ത് ചന്ദന മരങ്ങൾ മുറിച്ചു കടത്തുന്ന സുത്രധാരൻ . ഇട്ടമ്മൽ ജംഗ്ഷനിൽ ഐശ്വര്യ ക്വാർട്ടേഴ്സിൽ കഴിഞ്ഞ 4 വർഷക്കാലമായി താമസിച്ചു വരുന്ന അബൂബക്കർ കുടകിൽ നിന്ന് കാസർകോട് ജില്ലയിൽ കൂടുമാറിയ ചന്ദന പ്രതിയാണ്.
ബോവിക്കാനം ഭാഗത്തായിരുന്നു അബൂബക്കറിന്റെ ആദ്യ തട്ടകം.
പിന്നീട് ഹൊസ്ദുർഗ് താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള ചന്ദന മരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ചന്ദന മുട്ടികൾ മോഷ്ടിക്കാൻ അബൂബക്കറിന് സഹായികളായി ഇട്ടമ്മലിൽ ചില ചെറുപ്പക്കാരെ വെച്ചിരുന്നു. മോഷ്ടിച്ച ചന്ദനമുട്ടികൾ അബൂബക്കറും ഭാര്യയും, കൊച്ചു കുട്ടിയും, മറ്റൊരു ഇരുപത്തിയഞ്ചുകാരനും താമസിച്ചു വരുന്ന ക്വാർട്ടേഴ്സിലെ അടുപ്പിനടിയിൽ നിന്നാണ് നവമ്പർ 3–ന് ഉച്ചയ്ക്ക് കാഞ്ഞങ്ങാട് വനം വകുപ്പ് റേഞ്ച് ഓഫീസർ അഷ്റഫും പാർട്ടിയും പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്നാണ് വനപാലകർ ഈ വീട്ടിന്റെ അടുക്കളയിൽ കയറിയത്. ചന്ദന മുട്ടികൾ അടുപ്പിനടിയിൽ സൂക്ഷിച്ചിട്ടിട്ടുണ്ടെന്ന് കൃത്യമായ വിവരം വനപാലകർക്ക് ലഭിച്ചിരുന്നു. വനപാലകർ വീട്ടിലെത്തുമ്പോൾ , അബൂബക്കർ ക്വാർട്ടേഴ്സിലുണ്ടായിരുന്നില്ല. പിന്നീട് ഇതുവരെ ഈ നാൽപ്പത്തിയാറുകാരൻ ക്വർട്ടേഴ്സിൽ എത്തിയതുമില്ല. വീട്ടിലുണ്ടായിരുന്ന യുവാവിനെ വനപാലകർ ചോദ്യം ചെയ്യാൻ കൊണ്ടുപോയെങ്കിലും, പിന്നീട് വിട്ടയച്ചു.
അബൂബക്കറിനെ പിടികൂടാൻ, വനപാലകർ വലവീശിയിയെങ്കിലും, ചന്ദനഗന്ധമുള്ള ഈ നാൽപ്പത്തിയേഴുകാരൻ വനപാലകരുടെ വലയ്ക്ക് പുറത്താണിപ്പോഴും. കാൽലക്ഷം രൂപ വില വരുന്ന ഒന്നാന്തരം ചന്ദന മുട്ടികളാണ് അടുപ്പിനടിയിൽ നിന്ന് വനപാലകർ പിടികൂടിയത്. അബൂബക്കറെ പ്രതി ചേർത്ത് വനം വകുപ്പ് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതി അറസ്റ്റിലായാൽ ഹൊസ്ദുർഗ് താലൂക്കിൽ നിന്ന് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ചന്ദന മരങ്ങൾ മുറിച്ചു കൊണ്ടു പോയ ഇന്നും തുമ്പില്ലാതെ കിടക്കുന്ന കേസ്സുകൾക്ക് തുമ്പാകുമെന്ന് കരുതുന്നു. കാസർകോട് നായമ്മാർ മൂലയിലുള്ള ചന്ദന ബോസുമാരുടെ രഹസ്യ ഗോഡൗണുകളിലേക്ക് കടത്താൻ സൂക്ഷിച്ച ചന്ദന മുട്ടികളാണ് അബൂബക്കറിന്റെ ക്വാർട്ടേഴ്സിലെ അടുക്കളയിൽ നിന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഒാഫീസർ അഷ്റഫും പാർട്ടിയും, പിടികൂടിയത്. ഈ വീട്ടിൽ താമസിക്കുന്ന യുവാവ് അബൂബക്കറിന്റെ യാഥാർത്ഥ മകനല്ല.