ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
18–ാം വാർഡിൽ മുസ്്ലീം ലീഗിനെതിരെ വിമത സ്ഥാനാർത്ഥി ഉറച്ച് നിൽക്കുന്നു
കാഞ്ഞങ്ങാട്: സ്ഥാനാർത്ഥിത്വം മരവിപ്പിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും നിലാങ്കര 18– ാം വാർഡ് മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥി കെ. കെ. ഇസ്മയിൽ. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി മുസ്്ലീം ലീഗിലെ ടി. അസീസിനെതിരെ മൽസരരംഗത്ത് ഉറച്ച് നിൽക്കുന്നതായി വിമത സ്ഥാനാർത്ഥി വ്യക്തമാക്കി.
മുസ്്ലീം ലീഗ് ജില്ലാ മണ്ഡലം നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി നാമനിർദ്ദേശ പത്രിക പിൻവലിക്കാനെത്തിയ ഇസ്മയിലിന്റെ അപേക്ഷ രണ്ട് മിനിറ്റ് വൈകിയാണ് ലഭിച്ചതെന്ന കാരണത്താൽ റിട്ടേണിംഗ് ഓഫീസർ തള്ളിയിരുന്നു. ഇസ്മയിലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച റിട്ടേണിംഗ് ഓഫീസർ കുട തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കുകയായിരുന്നു. മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികൾ ഇസ്മയിലുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു മൽസരരംഗത്ത് നിന്നും പിൻമാറാൻ തീരുമാനമായത്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കഴിയാതെ വന്നതിന് ശേഷം പാർട്ടിയിൽ നിന്നും അകറ്റി നിർത്താൻ നേതൃത്വം നീക്കം തുടങ്ങിയതോടെയാണ് കെ. കെ. ഇസ്മയിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സിക്രട്ടറി, ആറങ്ങാടി വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇസ്മയിലിനെയിപ്പോൾ പാർട്ടിയുടെയും മുന്നണിയുടെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നില്ല.
സ്ഥാനമാനങ്ങളിൽ നിന്നും രഹസ്യമായി നേതൃത്വം നീക്കം ചെയ്തിട്ടുള്ളതായാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം പാർട്ടിയിൽ നിന്നും നേതൃത്വം പുറത്താക്കുമെന്ന് സൂചന ലഭിച്ചതോടെ ഇസ്മയിൽ വീണ്ടും മൽസരത്തിനിറങ്ങുകയായിരുന്നു.