ഇർഷാദിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പെരുവണ്ണാമുഴി : പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിക്കും. ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും. അതേസമയം ഇർഷാദിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഇർഷാദിന്‍റെ മരണത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിദേശത്തുള്ള ഷംനാദും നാസറുമാണ് മരണത്തിന് പിന്നിലെന്നാണ് ഇർഷാദിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചവരുടെയും വിദേശയാത്രാ വിവരങ്ങളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.

സ്വർണക്കടത്ത് സംഘം ഇർഷാദിനെ അപായപ്പെടുത്തിയെന്നതിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ഇർഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വർണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസർ എന്നയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ദീപക്കിന്‍റേതാണോ എന്ന് അയാളുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്കരിച്ചതെന്തിനാണെന്നും ഇർഷാദിന്‍റെ കുടുംബം ചോദിക്കുന്നു.

Read Previous

ഡീസൽ പ്രതിസന്ധി; ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങും

Read Next

രക്ഷാബന്ധൻ: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ്