ഇഖ്ബാൽ നഗറിൽ ഗുണ്ടാ വിളയാട്ടം മണ്ണിറക്കിയവരിൽ നിന്ന് ലക്ഷം രൂപ ഗുണ്ടാപിരിവ്

കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ റോഡ് റെയിൽവേ ഗേറ്റ് മുതൽ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരം വരെയുള്ള പ്രദേശങ്ങളിൽ രാപ്പകൽ ഭേദമന്യേ കഞ്ചാവ് മാഫിയയും ഗുണ്ടാസംഘങ്ങളും വിളയാടുന്നു. രാത്രി കാലത്താണ് ഇവരുടെ അതിക്രമം കൂടുന്നത്.

കഴിഞ്ഞ ദിവസം പറമ്പിലേക്ക് മണ്ണിറക്കിയ യുവഎഞ്ചിനിയറോട് ഒരുലക്ഷം രൂപയാണ് ഗുണ്ടാസംഘം പിരിവ് വാങ്ങിയത്. മുസ്്ലിംലീഗിന്റെ നേതാവും സംയുക്ത മുസ്്ലിം ജമാഅത്തിന്റെ ജനറൽ സിക്രട്ടറിയുമായിരുന്ന അന്തരിച്ച ഏ.പി മൊയ്തുവിന്റെ മകനായ യുവഎഞ്ചിനിറോടാണ് ഒരുലക്ഷം രൂപ ഗുണ്ടാ പിരിവ് വാങ്ങിയത്.

പുറത്തറിഞ്ഞാൽ പ്രത്യാഘാതമുണ്ടാവുമെന്ന ഭീഷണിയും ഗുണ്ടാസംഘം മുഴക്കിയത്രെ.

മണ്ണിറക്കാനെത്തിയ ടിപ്പർ വണ്ടിയും എഞ്ചിനിയറുടെ കാറും തടഞ്ഞ്  നിർത്തി ഗുണ്ടാ പിരിവ് തന്നില്ലെങ്കിൽ വണ്ടികൾ കത്തിച്ച് കളയുമെന്ന ഭീഷണി മുഴക്കിയാണ് പണം വാങ്ങിയത്. വീട്ടിൽ നിർമ്മാണാവശ്യത്തിന് വെച്ച സംഖ്യ എടുത്ത് കൊണ്ട് വന്ന് സംഘത്തിന് കൈമാറിയ ശേഷമാണ് കാറും ടിപ്പറും വിട്ട് നൽകിയത്.

ഇത് പോലുള്ള സംഭവങ്ങൾ രാത്രിയുടെ മറവിൽ ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ മണ്ണ് മാഫിയകളായിരുന്നു ഇവരുടെ പ്രധാന ഇരകൾ വാഹനങ്ങൾ  തടഞ്ഞ് നിർത്തിയാൽ ചോദിക്കുന്ന പണം കൊടുത്താലെ രക്ഷയുള്ളൂ. തട്ടിപ്പിന്നിരയായവർ ഭീഷണിയുടെ  നിഴലിൽ കഴിയേണ്ടിവരുന്നതിനാൽ പുറത്ത് പറയാൻ മടിക്കുന്നതാണ് ഗുണ്ടകളുടെ രക്ഷാമാർഗ്ഗം.

സംഭവം പ്രാദേശിക ലീഗ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഗുണ്ടാസംഘത്തിനെതിരെ നിൽക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ഗുണ്ടാസംഘത്തിന് കഞ്ചാവ് മാഫിയകളുമായി ബന്ധമുള്ളതായും പറയപ്പെടുന്നുണ്ട്. കഞ്ചാവ് വിൽപ്പനക്കെത്തുന്നവർ ഇവരുടെ സഹായത്തിലാണ് ഇടപാടുകൾ നടത്തുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കഞ്ചാവ് സംഘങ്ങൾ തമ്മിൽത്തല്ലി കുത്തേറ്റ ഉദുമ സ്വദേശി ഗുരുതര പരിക്കുകളോടെ മംഗളൂരുവിൽ ചികിത്സയിലാണ്.

ലോക്ഡൗൺ കാലത്ത് രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ നിലവിലുണ്ടെങ്കിലും ഇത്തരം ഗുണ്ടാസംഘങ്ങളും കഞ്ചാവ് മാഫിയകൾക്കും കർഫ്യൂവും ഒരനുഗ്രഹമായാണ് കാണുന്നത്.

Read Previous

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മറ്റൊരു പാർട്ടിയുടെ ജില്ലാ ഖജാൻജി

Read Next

മദ്യക്കടത്ത് പ്രതിയെ ക്വാറന്റൈൻ കേന്ദ്രത്തിൽ, പിടിച്ചെടുത്തത് 6338 കുപ്പി മദ്യം