ഇഖ്ബാൽ ഗേറ്റ് വധശ്രമം സിനിമാ മോഡലിൽ

വധശ്രമത്തിലെത്തിയത് മയക്കു മരുന്ന് വിൽപ്പന തർക്കം

കാഞ്ഞങ്ങാട്: അജാനൂർ ഇക്ബാൽ ഗെയിറ്റ് പരിസരത്ത് ജൂൺ 26-ന് വെള്ളിയാഴ്ച രാത്രി നടന്ന കൊലപാതക ശ്രമം തീർത്തും സിനിമാ നോഡലിൽ.

രാത്രി 8.30 മണിക്ക് സ്വന്തം ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ബല്ലാക്കടപ്പുറത്തുള്ള ചങ്ങാതി തബ്ഷീറിനെ കാണാൻ ചെല്ലുകയും രാത്രി 11 മണിക്ക് അതേ ബുള്ളറ്റിൽ കൂട്ടുകാരൻ മുഹമ്മദിനൊപ്പം തിരിച്ച്  സഞ്ചരിക്കുകയായിരുന്ന ഉദുമ പടിഞ്ഞാർ സ്വദേശി അബ്ദുൾ മുനീറിനെയാണ് 33, മൂന്നംഗ സംഘം കഠാരകൊണ്ട് നെഞ്ചിനും പുറത്തും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

11 മണിക്ക് ഇക്ബാൽ ഹൈസ്കൂൾ റോഡിലൂടെ കെഎസ്ടിപി റോഡിൽക്കയറാൻ മോട്ടോർ സൈക്കിൾ ഓടിച്ചുവരികയായിരുന്നു  ഉദുമ പടിഞ്ഞാർ മുനീറും കൂട്ടുകാരൻ മുഹമ്മദും.

11 മണിക്ക് ബുള്ളറ്റ് ഇഖ്ബാൽ റെയിൽവെ ഗേയിറ്റിന് പടിഞ്ഞാറുഭാഗത്ത് എത്തിയപ്പോൾ, റോഡിൽ പോലീസ് ഉപയോഗിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡ് കുറുകെയിട്ട് പ്രതികൾ റോഡ് ബ്ലോക്ക് ചെയ്തിരുന്നു.

ബുള്ളറ്റ് യാത്രക്കാർ ബാരിക്കേഡിനടുത്തെത്തിയപ്പോൾ, മുന്നോട്ട് പോകാൻ കഴിയാതെ ബൈക്ക് നിർത്തിയതും മൂന്ന് പേർ ചാടി വീണതും നിമിഷങ്ങൾക്കുള്ളിലായിരുന്നു.

ഒരാൾ മോട്ടോർ സൈക്കിളിന്റെ താക്കോൽ പെട്ടെന്ന് ഊരിയെടുത്തു. പ്രതികളിലൊരാളായ  പൂച്ചക്കാട് സ്വദേശി താജുദ്ദീന്റെ കൈയിൽ ഊരിപ്പിടിച്ച കഠാര കണ്ട മുനീർ മോട്ടോർ സൈക്കിൾ കൈവിട്ട് പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു.

പിറകെ ഓടിയെത്തിയ മൂന്നംഗ സംഘം മുനീറിനെ പിടികൂടി നെഞ്ചിലും പുറത്തും കഠാരകൊണ്ട്  കുത്തിക്കൊലപ്പെടുത്താൻശ്രമിച്ചു. ദൃക്സാക്ഷിയും, മുനീറിനൊപ്പം സഞ്ചരിച്ച സുഹൃത്തുമായ പാക്യാര സ്വദേശി മുഹമ്മദ് പറയുന്നു.

കുത്തേറ്റ മുനീർ ഓടി ഏതോ വഴിയിൽ രക്ഷപ്പെടുകയും, പിന്നീട്  പ്രതികൾ ഉപേക്ഷിച്ചു പോയശേഷം ചെളിയിൽ പുരണ്ട ശരീരവുമായി ചോരയിൽ കുളിച്ച നിലയിൽ  തിരിച്ചുവരികയായിരുന്നു.

രാത്രിയിൽ മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, മുനീറിന്റെ പരിക്കുകൾ ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക്          മാറ്റുകയായിരുന്നു.

മയക്കുമരുന്നു കൈമാറ്റത്തിലുള്ള സാമ്പത്തികത്തർക്കത്തെ ചൊല്ലിയാണ് കത്തിക്കുത്തിൽ  കലാശിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.

അബ്ദുൾ മുനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചുെവന്നതിന് പൂച്ചക്കാട് സ്വദേശി താജുദ്ദീന്റേയും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരുടെയും പേരിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.

ബംഗളൂരുവിൽ  ജോലി ചെയ്യുന്ന ഉദുമ പാക്യാര വീട്ടിൽ ഹനീഫ് ഇജാസിന്റെ മകൻ മുഹമ്മദിന്റെ 21, പരാതിയിലാണ് കേസ്സ്.

മുനീറിന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ പിൻ സീറ്റിൽ സഞ്ചരിച്ചത് മുഹമ്മദാണ്.

സിനിമാരംഗങ്ങളെ വെല്ലുംവിധത്തിൽ രാത്രി 11 മണിക്ക് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് ഗതാഗതം അടച്ചിട്ട പ്രതികൾ ഇരുളിൽ രണ്ടര മണിക്കൂർ പതിയിരുന്ന ശേഷമാണ് ബുള്ളറ്റ് ബൈക്കിലെത്തിയ ഇരകളിൽ ഒരാളെ പിടികൂടി വധിക്കാൻ ശ്രമിച്ചത്.

കുത്തേറ്റ അബ്ദുൾ മുനീർ ഓടിച്ചുവന്ന കെ.എൽ.15.വൈ.9557 ബുള്ളറ്റ് മോട്ടോർ സൈക്കിൾ പ്രതികൾ കൈക്കലാക്കിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമം 341,324,307(വധശ്രമം)34 എന്നിവകുപ്പുകൾ ചേർത്താണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

മറ്റു നിരവധി കേസ്സുകളിൽ പോലീസ് തെരയുന്ന പ്രതിയാണ് താജുദ്ധീൻ . താജുവിന് വേണ്ടി ഹോസ്ദുർഗ്ഗ് പോലീസും ബേക്കൽ പോലീസും വല വിരിച്ചിട്ടുണ്ട്.

LatestDaily

Read Previous

നഗ്നനൃത്തം: കരയോഗം യോഗം വിളിച്ചു

Read Next

എം സി ഖമറുദ്ധീനെതിരെ പ്രതിഷേധമിരമ്പി