ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അജാനൂർ ഇക്ബാൽ ഗെയിറ്റ് പരിസരത്ത് ഉദുമ പടിഞ്ഞാർ സ്വദേശി അബ്ദുൾ മുനീറിനെ കഠാര കൊണ്ട് നെഞ്ചിന് കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പൂച്ചക്കാട് താജുദ്ദീൻ കൊച്ചിയിലെത്തിയത് കൊലപാതക ശ്രമത്തിന് ശേഷം തട്ടിയെടുത്ത ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ.
ജൂൺ 26 – ന് രാത്രി 11 മണിക്കാണ് ഇക്ബാൽ റെയിൽവേ ഗെയിറ്റിന് പടിഞ്ഞാറു ഭാഗം നടു നിരത്തിൽ കൊലപാതക ശ്രമം അരങ്ങേറിയത്. മയക്കുമരുന്നു വിൽപ്പന തർക്കമാണ് കഠാരക്കുത്തിൽ കലാശിച്ചത്.
കഠാരക്കുത്തേൽക്കുകയും, പ്രാണരക്ഷാർത്ഥം ഇരുളിൽ ഓടി മറയുകയും ചെയ്ത അബ്ദുൾ മുനീറിന്റെ മോട്ടോർ സൈക്കിൾ സംഭവ സ്ഥലത്ത് കൈക്കലാക്കിയ താജുവും സംഘവും അന്ന് രക്ഷപ്പെടുകയായിരുന്നു. എറണാകുളം മറൈൻ ഡ്രൈവിലുള്ള അഡോണൈ എന്ന ഹോട്ടൽ മുറിയിൽ ഇന്നലെ പുലർച്ചെ പോലീസ് എത്തുമ്പോൾ, താജു ഫാനിന്റെ കാറ്റിൽ തണുത്തുറങ്ങുകയായിരുന്നു.
തലേന്ന് രാത്രിയിലാണ് താജു ഈ ചെറിയ ലോഡ്ജിൽ മുറിയെടുത്തത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി. എം.പി വിനോദ് ഒരാഴ്ച മുമ്പ് രൂപീകരിച്ച പോലീസ് സ്പെഷ്യൽ സ്ക്വാഡാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കൊച്ചി ഹോട്ടൽ മുറിയിൽ താജുവിനെ കുടുക്കിയത്. പ്രത്യേക സ്ക്വാഡിൽ പോലീസുദ്യോഗസ്ഥരായ, പ്രഭേഷ് വൈക്കത്ത്, കമൽ കാരിയിൽ, ഗിരീഷ് നമ്പ്യാർ, എസ്ഐ, കെ. രാജീവൻ, എന്നിവരാണുണ്ടായിരുന്നത്. താജു കൊച്ചിയിലെത്തിയ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഹോട്ടലിന്റെ പാർക്കിംഗിൽ കിടക്കുന്നുണ്ട്.