സ്ഥാനാർത്ഥി തർക്കം: 3 പഞ്ചായത്തുകളിൽ ഐഎൻഎൽ ഒറ്റയ്ക്ക് മത്സരിക്കും

കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകളെച്ചൊല്ലി തർക്കം നിലനിൽക്കുന്ന ഉദുമ, മൂളിയാർ, തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ ഇന്ത്യൻ നാഷണൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യതയേറി.  ഉദുമ, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ 6 വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.


ഉദുമ പഞ്ചായത്തിലെ പാക്യാര, പാലക്കുന്ന്, അങ്കക്കളരി, തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ, കൈക്കോട്ട്കടവ്, ഉടുമ്പുന്തല എന്നീ വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്.  എൽഡിഎഫ് ജില്ലാ നേതാക്കൾ ഇടപെട്ടിട്ടും, പ്രശ്നം തീരാത്തതിനെത്തുടർന്നാണ് 2 പഞ്ചായത്തുകളിലെ 6 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനമായി ഐഎൻഎൽ മുന്നോട്ട് പോകുന്നത്.


ഐഎൻഎൽ ആവശ്യപ്പെട്ട സീറ്റുകൾ പാർട്ടിക്ക് നിർണ്ണായക സ്വാധീനമുള്ള സീറ്റുകളാണ് ഇതിൽ ഉദുമയിലെ പാക്യാര വാർഡിൽ ഐഎൻഎൽ ഒരു തവണ ജയിച്ചിട്ടുമുണ്ട്.  തൃക്കരിപ്പൂരിലെ ഒളവറ സീറ്റും ഐഎൻഎല്ലിന് വിജയ പ്രതീക്ഷയുള്ള സീറ്റാണ്. എൽഡിഎഫ് തൃക്കരിപ്പൂർ, ഉദുമ പഞ്ചായത്ത് കമ്മിറ്റികളിൽ ഐഎൻഎൽ ഈ വിഷയം ഉന്നയിച്ചിരുന്നതുമാണ്.


പഞ്ചായത്ത് കമ്മിറ്റികൾ ഐഎൻഎല്ലിന്റെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് വിഷയം എൽഡിഎഫ് ജില്ലാ നേതാക്കളുടെ മുന്നിലെത്തിയത്.  ജില്ലാ നേതാക്കൾ വിഷയത്തിൽ ഇടപെട്ടെങ്കിലും, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റികൾ വഴങ്ങാത്തതിനെ ത്തുടർന്നാണ് ഐഎൻഎൽ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. യുഡിഎഫിന് 300 വോട്ട് ലീഡുള്ള വാർഡാണ് ഉദുമ പഞ്ചായത്തിലെ 9-ാം വാർഡായ പാക്യാര മുളിയാർ പഞ്ചായത്തിലും, ഐഎൻഎൽ സീറ്റുകളെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്.

LatestDaily

Read Previous

ജില്ലാ ആശുപത്രി കോവിഡാശുപത്രിയാക്കി മാറ്റിയത് നിർധന രോഗികളോടുള്ള വഞ്ചന

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ലേറ്റസ്റ്റ്