പ്രസവത്തിനിടെ മരണപ്പെട്ട യുവതിയുടെ ആൺകുഞ്ഞും മരിച്ചു

കാഞ്ഞങ്ങാട്: കുന്നുമ്മൽ സ്വകാര്യാശുപത്രിയിൽ പ്രസവത്തിനിടെ മരണപ്പെട്ട യുവതിയുടെ ആൺകുഞ്ഞ് ഇന്നലെ രാത്രി മംഗളൂരു ആശുപത്രിയിൽ മരണപ്പെട്ടു. നവംബർ 4-ന് കടിഞ്ഞൂൽ പ്രസവത്തിനിടയിൽ മരണപ്പെട്ട ബേക്കൽ തൃക്കണ്ണാട് പുതൃക്കോടിയിലെ നിഷ്മയുടെ 21, 17 ദിവസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്.

നിഷ്മയുടെ മരണശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരുന്ന കുട്ടി ബന്ധുക്കളുടെയും ഡോക്ടർമാരുടെയും പരിചരണത്തിലായിരുന്നു.
ഇന്നലെ ആരോഗ്യനില വഷളായ കുട്ടി രാത്രിയോടെ മരണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഹൊസ്ദുർഗ് എസ്.ഐ, കെ. അജിത ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു.

നവംബർ 4-ന് രാവിലെ സ്വകാര്യാശുപത്രിയിലെ മുറിയിൽ പ്രവേശിപ്പിച്ച നിഷ്മയെ, വൈകീട്ട് 5-30 മണിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പൂർണ്ണ ആരോഗ്യ സ്ഥിതിയിൽ കുഞ്ഞിനെ പുറത്തെടുത്തശേഷം നിഷ്മ മരണപ്പെടുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വരാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം പാതി വഴിയിലാണ്. രണ്ടാഴ്ചക്കകം നിഷ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറുമെന്ന് വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള പോലീസിനെ അറിയിച്ചിരുന്നു. അടുത്ത ദിവസം സർജനിൽ നിന്നും മൊഴിയെടുക്കുെമന്നും പോലീസ് പറഞ്ഞു. ശസ്ത്രക്രിയ വൈകിയതിനെ തുടർന്നുണ്ടായ ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും അനാസ്ഥ മൂലമാണ് നിഷ്മ മരണപ്പെട്ടെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതി. മരണകാരണം ചികിത്സാ പിഴവെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ ഡോക്ടറെയും ആശുപത്രി അധികൃതരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

LatestDaily

Read Previous

ശബ്നയെ പ്രവേശിപ്പിച്ച ആശുപത്രിയെ ഡോക്ടർ സ്വാധീനിച്ചു

Read Next

മുൻ ചെയർമാന്റെ അനധികൃത ഭൂമി: പരാതി നൽകി