ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മരാമത്ത് വകുപ്പിൻെറ സ്റ്റേഡിയം നിർമ്മാണം അനധികൃതം
കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് പിന്നിൽ പണിതുവരുന്ന ഇൻഡോർ സ്റ്റേഡിയത്തിന് നഗരസഭ അനുമതിയില്ല. കാഞ്ഞങ്ങാട് പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗമാണ് കിഫ്ബിയിൽ നിന്ന് കിട്ടിയ 6 കോടി രൂപ ചിലവിൽ ഇൻഡോർ സ്റ്റേഡിയം പണിയുന്നത്. നഗരസഭ സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം പണിയാൻ പൊതുമരാമത്ത് വകുപ്പായാലും നഗരസഭ കൗൺസിലിന്റെ അനുമതി നിർബ്ബന്ധമാണ്.
ഇപ്പോൾ രണ്ടാൾ ഉയരത്തിൽ കോൺക്രീറ്റു ,തൂണുകൾ ഏതാണ്ട് ഉയർന്നു കഴിഞ്ഞ ഇൻഡോർ സ്റ്റേഡിയത്തിന് നഗരസഭ ഇന്നുവരെ അനുമതി നൽകിയിട്ടില്ല. ജൂൺ 21–ന് ഒാൺലൈനിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഇൻഡോർ സ്റ്റേഡിയത്തിന് അനുമതി നൽകാനുള്ള അജണ്ട വെച്ചുവെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പു മൂലം മാറ്റിവെക്കുകയായിരുന്നു.
ഏതുതരത്തിലുള്ള നിർമ്മാണമായാലും നഗരത്തിൽ പണിയാൻ ഉദ്ദേശിക്കുന്ന ശുചി മുറിക്ക് പോലും പ്ലാനും, സ്കെച്ചും നൽകി നഗരസഭ അംഗീകരിച്ചാൽ മാത്രമേ പണിയാൻ പാടുള്ളുവെന്ന കർശന നിയമം നിലനിൽക്കുമ്പോഴാണ് നഗരസഭയുടെ കണ്ണായ ഭൂമിയിൽ പൊതുമരാമത്ത് തീർത്തും അനധികൃതമായി ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചുവരുന്നത്.
കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖാണ് ഈ ഇൻഡോർ സ്റ്റേഡിയത്തിന്റെ കരാറുകാരനെങ്കിലും, നിർമ്മാണ ജോലികൾ ഏറ്റെടുത്തു നടത്തുന്നത് കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കരയാണ്. ഇൻഡോർ സ്റ്റേഡിയം ഉപകാരപ്പെടുന്നത് സമൂഹത്തിലെ സമ്പന്നർക്കാണ്. ടെന്നീസും, ഷട്ടിലും കളിക്കാൻ മാത്രം സൗകര്യമുള്ള ഇൻഡോർ സ്റ്റേഡിയം കൊണ്ട് നഗരസഭയ്ക്ക് ഒരു വരുമാനവും ലഭിക്കില്ല.
ഫുട്ബോളും, ക്രിക്കറ്റ് മത്സരങ്ങളും വലിയ സമ്മേളനങ്ങളും, മറ്റു കലാപരിപാടികളും നടത്തണമെങ്കിൽ ഒാപ്പൺ സ്റ്റേഡിയം അനിവാര്യമാണ്. മാത്രമല്ല, കേരളത്തിൽ ഗ്രാമ പഞ്ചായത്തുകളിൽപ്പോലും ഇന്ന് സ്റ്റേഡിയങ്ങളും വലിയ മൈതാനങ്ങളുമുണ്ട്. കാഞ്ഞങ്ങാട്ട് ഒാപ്പൺ സ്റ്റേഡിയ ആവശ്യത്തിന് മൂന്നരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒാപ്പൺ സ്റ്റേഡിയത്തിൽ നിന്ന് നഗരസഭയ്ക്ക് വരുമാനവും ലഭിക്കും. ഒാപ്പൺ സ്റ്റേഡിയം പണിയാനുള്ള ഭൂമി പുതിയ ബസ് സ്റ്റാൻന്റ് കെട്ടിടത്തിന് പിന്നിൽ ജില്ലാ കലക്ടർമാർക്ക് ചെയ്തുവെച്ചിട്ടുമുണ്ട്.
ഈ ഭൂമി അക്വയർ ചെയ്യാനുള്ള വി. വി. രമേശന്റെ കരണം മറിച്ചലുകൾ മൂലമാണ് കാഞ്ഞങ്ങാടിന്റെ ഒാപ്പൺ സ്റ്റേഡിയം ഇപ്പോഴും കടലാസിൽ കിടക്കാനുള്ള മുഖ്യ കാരണം. കായിക പ്രേമികളുടെ നെടുംനാളത്തെ തുറന്ന സ്റ്റേഡിയമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കെ. വി. സുജാത ഭരണ യന്ത്രത്തിനും കഴിയുമെന്ന് തോന്നുന്നില്ല.