അതിർത്തിയിൽ ചോരവീഴുമ്പോൾ

ആകാശത്തിനു മുകളിൽകൂടി പറക്കുമ്പോൾ രണ്ടു കാഴ്​ചകൾ കണ്ടാണ് ത്രിൽ അടിച്ചിട്ടുള്ളത്. ഒന്ന് കേരളത്തി​​െൻറ തെങ്ങിൻതലപ്പും നീലരേഖ പോലെയുള്ള അറബിക്കടലും കാണുമ്പോൾ. മറ്റൊന്ന് മഞ്ഞുമൂടിയ ഹിമാലയ മലനിരകൾ കാണുമ്പോൾ.  ഒരിക്കലും ഹിമാലയം കയറുമെന്നു വിചാരിച്ചിട്ടില്ല. സാധാരണക്കാർക്ക് ചിന്തിക്കുന്നതിനും അപ്പുറമുള്ള കാര്യം.

എങ്ങനെയെങ്കിലും അങ്ങെത്തിയാൽ തന്നെ സാധാരണ മല കയറും പോലെ ഹിമാലയം കയറാൻ പറ്റില്ല. ആ മഞ്ഞും തണുപ്പും ഈ  കടലോരത്തുനിന്ന് പോകുന്ന നമ്മളെക്കൊണ്ട് താങ്ങാൻ പറ്റുമോ?  ഒന്ന് സീറോ ലെവൽ ആണെങ്കിൽ മറ്റേത്​ 20,000 അടി ഉയരം. എന്നാൽ, അസാധ്യമായി ഒന്നുമില്ല എന്നാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പഠിപ്പിച്ചത്.

നാലോ അഞ്ചോ പ്രാവശ്യം ഹിമാലയൻ മേഖലകളിൽ ഫോട്ടോഗ്രഫിക്കു വേണ്ടി പോയി. അതിൽ രണ്ടുപ്രാവശ്യം ലഡാക്കിലേക്ക്​- സ്നോ ലെപ്പേർഡിനെ പകർത്താൻ.  പക്ഷേ, സ്നോ ലെപ്പേർഡ് കൂടാതെ ലഡാക് എനിക്കു തന്ന അപൂർവമായ ഒരു കാഴ്​ചയായിരുന്നു തണുത്തുറഞ്ഞ പ​േങാങ് തടാകം. ഇന്ന് ഇന്ത്യ – ചൈന സംഘർഷാവസ്ഥ നേരിടുന്ന ഭൂമി.

അവരുടെ പ്രാർഥനകളുടെ പതിഞ്ഞ ഈണം പോലെയുള്ള സമാധാനപരമായ ജീവിതം. വില്ലോ മരങ്ങളും പോപ്ലാർ മരങ്ങളും പുല്ലും മാത്രമുള്ള വെളിമ്പ്രദേശങ്ങൾ. കല്ലുകൾ അടുക്കിക്കൂട്ടിയ ചെറിയ വീടുകൾ.

സ്നോ ലെപ്പേർഡിനെ കിട്ടിക്കഴിഞ്ഞപ്പോൾ അടുത്ത ആഗ്രഹം തണുത്തുറഞ്ഞ പങോങ് ലേക്​ കാണണമെന്നായി. കാരണം ശൈത്യകാലം ഒഴിച്ച് പ​ങോങ് തടാകം മറ്റെല്ലാ തടാകങ്ങളെയും പോലെ തന്നെ. പക്ഷേ, ഇത്ര വലിയ ഒരു തടാകം തണുത്തുറഞ്ഞു ഒരൊറ്റ മഞ്ഞുപാളിയായി കിടക്കുന്നത് ശൈത്യകാലത്തു മാത്രമേ കാണാൻ സാധിക്കൂ.

അവിടെയെത്താൻ ഒരു ദിവസമെടുക്കും. 14,000 അടി ഉയരത്തിൽ കിടക്കുന്ന പ​ങോങ് തടാകം ഇന്ത്യയിൽനിന്ന് തുടങ്ങി, തിബത്തൻ സ്വയംഭരണപ്രദേശം കഴിഞ്ഞു ചൈനയിലാണ് അവസാനിക്കുന്നത്.

ഈ തടാകത്തി​​െൻറ 60 ശതമാനം തിബത്തൻമേഖലയിൽ തന്നെ. എങ്ങോട്ടും ഒഴുകാതെ കെട്ടിക്കിടക്കുന്ന ഈ തടാകം റാംസർ സൈറ്റിൽ ഉൾപ്പെടുന്ന ഒരു തണ്ണീർത്തടാകമാണ്. ശുദ്ധ ജലത്തിനേക്കാൾ കൂടുതൽ ലവണ രസമുള്ള ഈ ജലത്തിൽ മീനുകൾ അധികമില്ലെങ്കിലും തോടുള്ള ജലജീവികൾ ഉണ്ടാവാറുണ്ട്.

ദേശാടനസമയത്ത് പക്ഷികളും എത്താറുണ്ട്. മിക്ക സ്ഥലത്തേക്കും പോവാൻ ട്രാവൽ പെർമിറ്റ് എടുക്കണം. ഓഫിസിൽ കൃത്യമായി ഐഡി പ്രൂഫും കാരണവും ഒക്കെ ബോധിപ്പിച്ചു പൈസയും അടച്ചുകഴിഞ്ഞാൽ യാത്ര ചെയ്യാം. കേരളത്തിലെ പോലെ വഴിനീളെ കടകളില്ല. പട്ടണം തീരുന്നിടത്തു കാണുന്ന ഒരു പഞ്ചാബി ധാബയിൽനിന്ന് ഒരു ആലു പൊറോട്ടയും തൈരും വെള്ളവും വാങ്ങി കരുതി വെക്കും. മഞ്ഞുമൂടിയ മലനിരകൾക്കിടയിലുള്ള റിബൺ പോലെയുള്ള വഴിയിൽ വണ്ടിയോടിക്കാൻ അവിടെയുള്ള ആളുകൾക്കേ കഴിയൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പോകുന്ന വഴിയിലൊക്കെ പട്ടാളബാരക്കുകൾമാത്രം. വഴിയിലും സ്വകാര്യവാഹനങ്ങൾ ഇല്ല. തണുത്തുറഞ്ഞ പങോങ് ലേക്കിലേക്ക്​ യാത്രചെയ്യുമ്പോൾ ഞങ്ങളുടെ വണ്ടി ഒഴിച്ച് ബാക്കിയെല്ലാം പട്ടാളട്രക്കുകൾ മാത്രം. അതും വലിയ ടയറുകളിൽ ചങ്ങല ചുറ്റി.

അല്ലെങ്കിൽ മഞ്ഞിൽ സ്കിഡ് ചെയ്യും. വണ്ടിയിൽ ഒന്നോ രണ്ടോ സൈനികർമാത്രം. 18,000 അടിയിൽ ഏറ്റവും ഉയർന്ന ചുരമായ ചാങ് ലാ പാസ്​ കടന്ന് ‘ചാങ് താങ്’ നാഷനൽ പാർക്കിലൂടെ നീണ്ട എട്ടു പത്തു മണിക്കൂർ യാത്രചെയ്തു ഞങ്ങൾ പങോങ് തടാകത്തിലെത്തിയപ്പോഴേക്ക് അസ്തമയ സൂര്യൻ ചിത്രങ്ങൾ വരക്കാൻ തുടങ്ങിയിരുന്നു. പങോങ് ലേക്​ അതിമനോഹരം, വിചാരിച്ചതിലുമേറെ.

ഇന്ത്യയിലും ചൈനയിലുമായി 134 കി.മീ. ദൂരത്തിൽ പരന്നു കിടക്കുന്ന ഈ തടാകം ഏറ്റവും ഉയരത്തിലുള്ള പുൽമേട് തടാകമാണ്. അസ്തമയം പോലെ അതിമനോഹരമായിരുന്നു ഉദയവും. വേനൽക്കാലത്തൊക്കെ ഇവിടെ സന്ദർശകരെക്കൊണ്ട് നിറയും. പിന്നെ റാഫ്റ്റിങ്, കയാക്കിങ്​ തുടങ്ങിയ ആക്ടിവിറ്റികൾ ആയിരിക്കും. ശ്വാസം കിട്ടാത്ത അവസ്ഥയിൽനിന്ന് ഫോട്ടോ എടുക്കുമ്പോഴും ഞങ്ങൾ തമാശ പറഞ്ഞു ചിരിച്ചു: ‘‘ചൈനക്കാർ കാണുന്നുണ്ടോ, വെടിവെക്കുമോ എന്നൊക്കെ.

പക്ഷേ, ജീവൻ രക്ഷിക്കാൻ അതിർത്തിയിൽ നമ്മുടെ ജവാന്മാർ കാവലിരിക്കു​േമ്പാൾ എന്തു പേടി!ലഡാക്കിൽ യാത്രചെയ്യുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ കാണുന്ന ഒരു കാഴ്ചയുണ്ട്- അവിടുത്തെ പട്ടാളജീവിതം. ലഡാക്കിലെ ആർമി മ്യൂസിയത്തിൽ ഓരോ താപനിലയിലും ധരിക്കാനുള്ള ബൂട്ട് മുതൽ  തൊപ്പി വരെയുള്ള യൂനിഫോം സെറ്റുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഓരോ സൈനിക​നുവേണ്ടിയും രാജ്യം ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഈ യൂനിഫോം ഒക്കെ ധരിച്ചു ആയുധധാരിയായി രാജ്യത്തെ ശത്രുക്കളിൽനിന്ന് രക്ഷപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ.

മഞ്ഞുവീണ് വഴിയടഞ്ഞു കിടന്നാൽ പട്ടാള വാഹനത്തിനുപോലും യാത്ര ദുഷ്കരമാണ്. പകൽ മൈനസ് 13-15 ൽ ഒക്കെ നിൽക്കുന്ന താപനില രാത്രി മൈനസ്-20ലേക്ക്​ താഴുന്ന അവസ്ഥ.

സിയാച്ചിൻ മേഖലകളിലൊക്കെ ഇത് മൈനസ്​ 40ലേക്ക്​ താഴാറുണ്ട്. ഇതൊക്കെ സഹിച്ച് ജീവിതം മാതൃരാജ്യത്തിനെ സംരക്ഷിക്കാൻ മാറ്റിവെച്ച ജവാന്മാരെ നാം മനസ്സ് കൊണ്ട് തൊഴുതുപോകും. പാകിസ്താനെയാണ് നമ്മൾ എപ്പോഴും ശത്രുക്കളായി കാണുന്നതെങ്കിൽ കൂടി ചൈനയാണ് ഇന്ത്യയുടെ യഥാർഥ ശത്രുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പല കാരണങ്ങളുണ്ട് അതിന്. ഒന്നാമത്തെ കാരണം ലഡാക്കികളാണ്. അവർ എപ്പോഴും തിബത്തിലുള്ള അവരുടെ ജനതയെ ഓർത്തു സങ്കടപ്പെടാറുണ്ട്​്; ചൈന അവരോടു കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഓർത്ത്. രണ്ടാമത്തെ കാരണം ആരോടും പ്രതിപത്തിയില്ലാത്ത ചൈനീസ് മനോഭാവം. പ്രകൃതിയോടും ജീവജാലങ്ങളോടും ഒരു കരുണയുമില്ലാത്ത സമീപനമാണ് ചൈന സ്വീകരിക്കുന്നത്.

അതിനോടൊപ്പം ജയ്​ശെ മുഹമ്മദ് തലവനായ  ഭീകരനെ ചൈന തള്ളിപ്പറയാത്തതും സംശയം ജനിപ്പിക്കുന്നു. ഇനി പാകിസ്താനെ മറയാക്കി ഇന്ത്യയിൽ അരക്ഷിതാവസ്ഥ സൃഷ്​ടിക്കുന്നത് ചൈനതന്നെയാണോ? അവർ തിബത്തിൽ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികൾ കാണുമ്പോൾ അങ്ങനെയും ചിന്തിച്ചുകൂടെന്നില്ല.

സിക്കിമിൽ പോയപ്പോഴും ഇന്ത്യൻ അതിർത്തിയിൽ ടാങ്കുകൾ മലനിരകളുടെ മുകളിലേക്കായി വിന്യസിച്ചിരിക്കുന്നത് കണ്ടു. അതി​​െൻറ അർഥം തന്നെ ഏതു നേരവും ഒരു ആക്രമണം പ്രതീക്ഷിക്കാം എന്നല്ലേ? നിശ്ശബ്​ദനായ ശത്രുവിനെയല്ലേ കൂടുതൽ ഭയക്കേണ്ടത്?

45 വർഷത്തിനുശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ ചോരവീഴുമ്പോൾ എല്ലാ ഇന്ത്യക്കാരുടെയും മനസ്സ് അശാന്തമാണ്‌. പാകിസ്​താൻ അതിർത്തിയിൽ ഭീകരന്മാരാണെങ്കിൽ ചൈനീസ് അതിർത്തിയിൽ ഓരോ ദിവസവും നുഴഞ്ഞുകയറ്റം നടത്തുന്നത്​ ചൈനീസ് പട്ടാളക്കാരാണ്.

ഓരോ സൈനിക​​െൻറ മരണവും രാജ്യത്തിന് തീരാനഷ്​ടമാണ്. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഭരണാധികാരികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വീരമൃത്യു വരിച്ച എല്ലാ ജവാന്മാരോടും രാജ്യവും ജനങ്ങളും എന്നന്നേക്കും കടപ്പെട്ടിരിക്കുന്നു. വിയോഗം നേരിടാനുള്ള ശക്തി അവരുടെ കുടുംബത്തിനുണ്ടാകട്ടെ.

LatestDaily

Read Previous

സി.പി.ഐ. നേതാവ് സി.കെ.കുഞ്ഞിരാമൻ അന്തരിച്ചു

Read Next

നില മറന്ന രാഷ്ട്രീയക്കളികൾ