റെയിൽവെ അവഗണന

റെയിൽവെ കേരളത്തിന് പുതുതായി അനുവദിച്ച നാല് മെമു സർവ്വീസുകളിൽ ഒന്നു പോലും കാസർകോട് ജില്ലയ്ക്ക് ലഭ്യമായില്ലെന്നത് റെയിൽവെ അത്യുത്തര കേരളത്തോട് കാണിക്കുന്ന അവഗണനയാണ് . തൃശൂരിൽ നിന്നും കണ്ണൂർ വരെ അനുവദിച്ച മെമു സർവ്വീസ് കാസർകോട് വരെയെങ്കിലും നീട്ടാതിരുന്നത് കാസർകോട് ജില്ലയിലെ ട്രെയിൻ യാത്രക്കാരോട് ചെയ്ത ചതിയാണ്.

കോവിഡിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവ്വീസുകൾ കേരളത്തിൽ പൂർണ്ണമായും പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടില്ല. നേരത്തെ ഓടിയിരുന്ന പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ ഇനി എപ്പോൾ ആരംഭിക്കുമെന്നതിലും വ്യക്തതയില്ല. മംഗളൂരു റൂട്ടിൽ ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനുപകരിച്ചിരുന്ന കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസും റെയിൽവെ വകുപ്പ് എക്സ്പ്രസ് ട്രെയിനായി പുനഃക്രമിച്ചിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ട്രെയിൻ യാത്ര കീശയിൽ കാശുള്ളവന് മാത്രം മതിയെന്ന നിലപാടിലാണ് റെയിൽവെ വകുപ്പ്.

അത്യുത്തര കേരളത്തോട് റെയിൽവെ വകുപ്പ് കാണിക്കുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മെമു സർവ്വീസ് കണ്ണൂരിൽ അവസാനിപ്പിച്ച നടപടി. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കണ്ണൂർ- കാസർകോട് റൂട്ടിൽ സാധാരണക്കാരായ പൊതുജനത്തിന് ചുരുങ്ങിയ ചെലവിൽ ലഭിക്കുമായിരുന്ന യാത്രാ സൗകര്യമാണ് മെമു സർവ്വീസ് കണ്ണൂരിൽ അവസാനിപ്പിച്ചത് വഴി ഇല്ലാതായത്.


മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമുള്ള യാത്രക്കാർക്ക് വേണ്ടി നിരവധി ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഉത്തര കേരളത്തിൽ കണ്ണൂർ വരെ ട്രെയിൻ യാത്രാസൗകര്യം അത്യാവശ്യത്തിനുണ്ടെങ്കിലും കണ്ണൂരിനപ്പുറം കേരളമില്ലെന്ന നിലപാടിലാണ് റെയിൽവെ അധികൃതർ. കാസർകോട് വഴി ഓടുന്ന ദീർഘദൂര ട്രെയിനുകളിൽ പലതിനും ജില്ലയിൽ വേണ്ടത്ര സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവെ ഇതുവരെ തയ്യാറായിട്ടില്ല.

കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർ അത്യാവശ്യ കാര്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കർണ്ണാടകയിലെ മംഗളൂരുവിനെയാണ്. ഇത് വഴിയുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ്് ആരംഭിക്കാൻ റെയിൽവെ ഇതുവരെ തയ്യാറായിട്ടുമില്ല. സംസ്ഥാന തലസ്ഥാനത്തു നിന്നും മധ്യകേരളത്തിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മെമു ട്രെയിൻ സർവ്വീസുകളുണ്ടെങ്കിലും കണ്ണൂരിലേക്കുള്ള മെമു ഉത്തരകേരളത്തിലേക്കുള്ള ആദ്യ മെമു ട്രെയിനാണ്.

കണ്ണൂരിനും കാസർകോടിനും എംപിമാരുണ്ടെങ്കിലും മെമു ട്രെയിൻ കാസർകോട്ടേക്ക് നീട്ടുന്നതിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഇരവരും പരാജയമായിരുന്നെന്ന് തന്നെ വിലയിരുത്തേണ്ടിവരും. തൃശൂരിൽ നിന്നും കണ്ണൂരെത്തി വെറുതെ നിർത്തിയിടുന്ന ട്രെയിൻ ചുരുങ്ങിയ പക്ഷം കാസർകോട് വരെയെങ്കിലും നീട്ടിക്കിട്ടാൻ എംപിമാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുക തന്നെ വേണം. ആലപ്പുഴയിൽ നിന്നുള്ള എക്സിക്യുട്ടീവ് എക്സ്പ്രസ്സും തിരുവനന്തപുരത്തുനിന്നുള്ള ജനശതാബ്ദി എക്സ്പ്രസും കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തുന്നത് അർദ്ധരാത്രിയോടെയാണ്.

പിറ്റേന്ന് രാവിലെ വരെ കണ്ണൂരിൽ വെറുതെ നിർത്തിയിടുന്ന ട്രെയിനുകൾ കാസർകോട് വരെ നീട്ടിയാൽ കണ്ണൂർ മുതൽ കാസർകോട് വരെയുള്ള പൊതുജനങ്ങൾക്ക് ഉപകാരമാകുമെങ്കിലും റെയിൽവെ ഇതിന് തയ്യാറല്ല. കോവിഡിന്റെ പേരിൽ മുഴുവൻ ട്രെയിനുകളും സ്പെഷ്യൽ ട്രെയിനുകളാക്കി യാത്രക്കാരെ കൊള്ളയടിക്കുന്ന തിരക്കിലാണ് റെയിൽവെ വകുപ്പ്. ട്രെയിൻ സർവ്വീസുകൾ അനുവദിക്കുന്നതിലും, സ്റ്റോപ്പുകൾ അനുവദിക്കുന്നതിലും റെയിൽവെ കാസർകോട് ജില്ലയോട് പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. ഇതിന്റെ ഉദാഹരണം തന്നെയാണ് മെമു ട്രെയിൻ സർവ്വീസ് കണ്ണൂരിൽ അവസാനിപ്പിച്ച നടപടി. കാസർകോടിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിൽ രാഷ്ട്രീയഭേദമന്യേയുള്ള ഒത്തൊരുമിക്കലാണ് അത്യാവശ്യം. പരസ്പരം കുറ്റം പറഞ്ഞിരിക്കുന്ന രാഷ്ട്രീയ നേതാക്കളുള്ള ജില്ലയിൽ റെയിൽവെ വികസനത്തിന്റെ കാര്യത്തിലെങ്കിലും ഒത്തൊരുമയുണ്ടാകണം.

LatestDaily

Read Previous

ബേക്കലിൽ വീണ്ടും പിടിച്ചുപറി; വീട്ടമ്മയുടെ 5 പവൻ മാല സ്കൂട്ടറിലെത്തി തട്ടിപ്പറിച്ചു

Read Next

പതിനാലുകാരി വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ 21 കാരൻ അറസ്റ്റിൽ